'ഹോം' സംവിധായകൻ റോജിൻ തോമസ് ഒരുക്കുന്ന 'കത്തനാർ'; ജയസൂര്യ നായകനായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അപ്‌ഡേറ്റ് എത്തി
കൊച്ചി: 'ഹോം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന 'കത്തനാർ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങും. ഗോകുലം മൂവീസ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ജയസൂര്യ നായകനാകുന്ന ചിത്രത്തിനായി പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
212 ദിവസവും 18 മാസവും എടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായി 'കത്തനാർ' മാറുമെന്നാണ് റിപ്പോർട്ടുകൾ. 75 കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമ്മൻ എന്നീ 15 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
2023-ൽ ആരംഭിച്ച ചിത്രത്തിന്റെ നിർമ്മാണത്തിനായി 36 ഏക്കറിൽ 45,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കൂറ്റൻ സെറ്റ് ഒരുക്കിയിരുന്നു. ഇത് ഏറെ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് താരം അനുഷ്ക ഷെട്ടിയും പ്രഭുദേവയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 3Dയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ജയസൂര്യയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം 'എന്താടാ സജി' ആണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'ആട് 3' അണിയറയിൽ ഒരുങ്ങുന്നുണ്ട്.