കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്: ടൊവിനോ മികച്ച നടൻ, റിമ കല്ലിങ്കൽ നടി; പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

Update: 2025-08-24 12:18 GMT

കൊച്ചി: 48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ വിതരണം ചെയ്തു. ടൊവിനോ തോമസ് മികച്ച നടനായും റിമ കല്ലിങ്കൽ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പുരസ്കാരങ്ങൾ സമ്മാനിച്ചു.

ചലച്ചിത്ര നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന് മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 'ചലച്ചിത്ര രത്‌ന' പുരസ്‌കാരം മന്ത്രി സമ്മാനിച്ചു. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'ഫെമിനിച്ചി ഫാത്തിമ'യ്ക്കുവേണ്ടി നിർമ്മാതാക്കളായ ഫാസിൽ മുഹമ്മദും (സംവിധായകൻ) സുധീഷ് സ്കറിയയും പുരസ്കാരം ഏറ്റുവാങ്ങി. ഇന്ദുലക്ഷ്മിയാണ് മികച്ച സംവിധായിക. മികച്ച അന്യഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട തമിഴ് ചിത്രം 'അമരന്റെ' സംവിധായകൻ രാജ്‌കുമാർ പെരിയസാമിയും പുരസ്കാരം സ്വീകരിച്ചു.

മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം സൈജു കുറുപ്പ് നേടിയപ്പോൾ, ചിന്നു ചാന്ദ്നിയും ഷംല ഹംസയും മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം പങ്കിട്ടു. നടൻ ജഗദീഷിന് റൂബി ജൂബിലി പുരസ്കാരം ഡോ. ജോർജ്ജ് ഓണക്കൂർ സമർപ്പിച്ചു. ചലച്ചിത്ര പ്രതിഭാ പുരസ്കാരം നേടിയ ബാബു ആന്റണിക്ക് വേണ്ടി ടൊവിനോ തോമസും, ജൂബിലി ജോയ് തോമസിനുവേണ്ടി അദ്ദേഹത്തിന്റെ മകളും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

അവാർഡ് നിശയുടെ ഉദ്ഘാടനവും മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. മാക്ട ചെയർമാൻ ജോഷി മാത്യു ആശംസയർപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോർജ് ഓണക്കൂർ, ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫ്, സെക്രട്ടറി എ. ചന്ദ്രശേഖർ എന്നിവർ സംസാരിച്ചു. വിവിധ വിഭാഗങ്ങളിലായി 72 കലാകാരന്മാരും സാങ്കേതിക പ്രവർത്തകരും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. മികച്ച സംഗീതസംവിധായകൻ രാജേഷ് വിജയ്, ഗായിക ദേവനന്ദ ഗിരീഷ് എന്നിവരുടെ ഗാനാലാപനം ചടങ്ങിന് മാറ്റുകൂട്ടി.

Tags:    

Similar News