'ലാപതാ ലേഡീസ്' കോപ്പിയടി വിവാദത്തിൽ; അറബിക് സിനിമയുമായി സാമ്യതയെന്ന് സോഷ്യൽ മീഡിയ; സാമ്യതകൾ ചൂണ്ടിക്കാട്ടുന്ന പോസ്റ്റുകൾ വൈറൽ; കിരണ്‍ റാവുവിനെതിരെ രൂക്ഷ വിമർശനം

Update: 2025-04-02 13:12 GMT

മുംബൈ: ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ പറ്റിയ ചിത്രമായ 'ലാപതാ ലേഡീസ്' നെതിരെ കോപ്പിയടി ആരോപണം. കിരണ്‍ റാവു സംവിധാനം ചെയ്ത് 2024-ല്‍ ഇറങ്ങിയ ലാപതാ ലേഡീസ്. ലോസ്റ്റ് ലേഡീസ് എന്ന പേരില്‍ ആഗോളതലത്തില്‍ പുറത്തിറങ്ങിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കാര്‍ എന്‍ട്രിയടക്കം നിരവധി നേട്ടങ്ങളും കരസ്ഥമാക്കിയിരുന്നു. ബുർഖ സിറ്റി എന്ന അറബിക് ഹ്രസ്വചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലാപതാ ലേഡീസ് ഒരുക്കിയിരിക്കുന്നതെന്നാണ് ആരോപണം. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് രണ്ട് ചിത്രങ്ങളും തമ്മിലും സാമ്യതകൾ ചൂണ്ടിക്കാട്ടി പോസ്റ്റുകൾ പങ്കുവെച്ചിട്ടുള്ളത്. 19 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രം 2019ലാണ് പുറത്തിറങ്ങിയത്. ഫാബ്രിസ് ബ്രാഖിനാണ് ഹ്രസ്വ ചിത്രത്തിന്റെ സംവിധാനം.

ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സും ജിയോ സ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ പുതുമുഖങ്ങളായിരുന്നു പ്രധാനകഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചത്. പ്രതിഭ റാന്‍ട, നിതാന്‍ഷി ഗോയല്‍, സ്പര്‍ഷ് ശ്രീവാസ്തവ, രവി കിഷന്‍, ഛായ കദം തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ബോളിവുഡിന്റെ സ്ഥിരം ബിഗ് ബഡ്ജറ്റ് കാഴ്ചകളിൽ നിന്നും മാറി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ നേര്‍ചിത്രം കാട്ടിത്തന്ന ലാപതാ ലേഡീസ് വലിയ ചർച്ചയായിരുന്നു. ചിത്രം ഇക്കഴിഞ്ഞ ഐഐഎഫ്എയിലും അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരുന്നു.

മികച്ച സിനിമ, മികച്ച കഥ, മികച്ച തിരക്കഥ, മികച്ച സംവിധായിക, മികച്ച എഡിറ്റിങ്, മികച്ച സംഗീതസംവിധായകന്‍, മികച്ച നടി, മികച്ച നവാഗത നടി, മികച്ച സഹനടന്‍ എന്നിങ്ങനെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രം ഇപ്പോള്‍ വലിയ വിമര്‍ശനത്തിനാണ് പാത്രമായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ലാപതാ ലേഡീസ് 2019-ല്‍ ഇറങ്ങിയ ഒരു അറബി ഹ്രസ്വചിത്രത്തിന്റെ കോപ്പിയടിയാണെന്നാണ് സോഷ്യല്‍മീഡിയയുടെ പുതിയ കണ്ടെത്തല്‍.

പുതുതായി വിവാഹം കഴിച്ച ഒരു ചെറുപ്പക്കാരന്‍ ബുര്‍ഖ ധരിച്ച തന്റെ ഭാര്യ, മറ്റൊരു സ്ത്രീയുമായി മാറിപ്പോയതായി മനസിലാക്കുകയും പിന്നീട് അവളെ കണ്ടെത്താന്‍ ശ്രമിക്കുന്നതുമാണ് ബുര്‍ഖ സിറ്റിയുടെ കഥ. ബുര്‍ഖ ധരിച്ച പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായിക്കുന്ന രസികനായ പോലീസ് ഉദ്യോഗസ്ഥനടക്കം ഈ ഹ്രസ്വചിത്രത്തിലുമുണ്ട്. ലാപതാ ലേഡീസിന്റെ സംവിധായിക കിരൺ റാവുവിനെതിരെ വലിയ വിമർശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്.

ഇത് തെളിയിക്കുന്ന തരത്തിലുള്ള ബുര്‍ഖ സിറ്റിയിലെ സീനുകളും സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കിരണ്‍ റാവു ബോളിവുഡിനേയും പ്രേക്ഷകരേയും പറ്റിക്കുകയായിരുന്നു എന്ന തരത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കിരണിന് അല്‍പമെങ്കിലും നാണമുണ്ടെങ്കില്‍ ലാപതാ ലേഡീസിന് ലഭിച്ച പുരസ്‌കാരങ്ങളെല്ലാം തിരിച്ചുനല്‍കണമെന്നും വിമര്‍ശകര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് ഇതുവരെയും സിനിമയുമായി ബന്ധപ്പെട്ട ആരും പ്രതികരിച്ചിട്ടില്ല.


Full View


Tags:    

Similar News