റീ റിലീസ് ചെയ്ത ചിത്രങ്ങൾക്കെല്ലാം മികച്ച പ്രതികരണം; വിജയ്‌യുടെ ആ ഹിറ്റ് സിനിമ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തും; ഇളയ ദളപതി ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്
കൊച്ചി: തമിഴ് സൂപ്പർ സ്റ്റാർ വിജയ്‌യുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ 'ഖുഷി' വീണ്ടും ആരാധകർക്ക് മുന്നിലേക്ക് എത്തുന്നു. സെപ്റ്റംബർ 25-ന് ചിത്രം 4K ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യയോടെ തിയേറ്ററുകളിൽ റീ-റിലീസ് ചെയ്യും. ശക്തി ഫിലിം ഫാക്ടറി ആണ് ചിത്രം വീണ്ടും റിലീസിനായി എത്തിക്കുന്നത്.
പുതിയ ചിത്രങ്ങൾക്കൊപ്പം തന്നെ റീ-റിലീസ് ചെയ്യുന്ന സിനിമകളും പ്രേക്ഷകശ്രദ്ധ നേടുന്ന സാഹചര്യത്തിലാണ് വിജയ്‌യുടെ 'ഖുഷി' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത് തുടങ്ങിയ മുൻനിര താരങ്ങളുടെ ചിത്രങ്ങൾ നവീന സാങ്കേതികവിദ്യയുടെ സഹായത്തോടെ റീ-റിലീസ് ചെയ്ത് മികച്ച വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്‌യുടെ 'ഖുഷി'യും ഈ പട്ടികയിൽ ഇടം നേടുന്നത്.
നേരത്തെയും വിജയ്‌യുടെ 'തുപ്പാക്കി', 'ഗില്ലി', 'സച്ചിൻ' തുടങ്ങിയ ചിത്രങ്ങൾ വിജയകരമായി റീ-റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ പതിപ്പിൽ 4K ഡോൾബി അറ്റ്‌മോസ് സൗണ്ട് ക്വാളിറ്റിയിൽ ചിത്രം എത്തുന്നത് ആരാധകർക്ക് ഒരു പുതിയ അനുഭവം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, സച്ചിൻ ആണ് ഏറ്റവും ഒടുവിലായി റീ റിലീസ് ചെയ്ത വിജയ് ചിത്രം. വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിച്ചത്. 11 കോടിയാണ് ഏഴ് ദിവസം കൊണ്ട് സച്ചിൻ നേടിയത്. ഇതോടെ തമിഴ് റീ റിലീസുകളിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമയായി സച്ചിൻ മാറി. 32 കോടി നേടിയ ഗില്ലിയാണ് ഒന്നാം സ്ഥാനത്ത്. ആദ്യദിനത്തിൽ 2.2 കോടിയാണ് സിനിമ തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.