ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസുമായി കൈകോർത്ത് പ്രമുഖ കമ്പനികൾ; ലോക- ചാപ്റ്റർ വൺ: ചന്ദ്ര ഓഗസ്റ്റ് 28-ന്
കൊച്ചി: ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന പുതിയ ചിത്രം 'ലോക-ചാപ്റ്റർ വൺ: ചന്ദ്ര' റിലീസിനൊരുങ്ങുകയാണ്. ഓണം റിലീസായി ഓഗസ്റ്റ് 28-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ കേരളത്തിന് പുറത്തുള്ള വിതരണാവകാശം ഇന്ത്യയിലെ പ്രമുഖ സിനിമാ കമ്പനികൾ സ്വന്തമാക്കി.
തമിഴ്‌നാട്ടിൽ എജിഎസ് സിനിമാസ്, കർണാടകയിൽ കന്നഡ താരം രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ്, ആന്ധ്രാ-തെലങ്കാന സംസ്ഥാനങ്ങളിൽ സിതാര എന്റർടെയ്ൻമെന്റ്സ്, ഉത്തരേന്ത്യയിൽ പെൻ മരുധാർ എന്നിവരാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഓരോ മേഖലയിലെയും ഏറ്റവും ശക്തരായ വിതരണക്കാരിലൂടെ വലിയ റിലീസാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനെത്തും. 'ലോക' എന്ന് പേരിട്ടിരിക്കുന്ന ഒരു സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം രചിച്ച് സംവിധാനം ചെയ്യുന്നത് ഡൊമിനിക് അരുൺ ആണ്.
'ചന്ദ്ര' എന്ന് പേരുള്ള സൂപ്പർഹീറോ ആയാണ് കല്യാണി പ്രിയദർശൻ ചിത്രത്തിൽ എത്തുന്നത്. 'സണ്ണി' എന്ന കഥാപാത്രത്തെ നസ്‌ലിൻ അവതരിപ്പിക്കുന്നു. തമിഴ് താരം സാൻഡി (ഇൻസ്പെക്ടർ നാച്ചിയപ്പ ഗൗഡ), ചന്ദു (വേണു), അരുൺ കുര്യൻ (നൈജിൽ) എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിന്റെ ടീസറും ജേക്സ് ബിജോയ് സംഗീതം നൽകിയ 'തനി ലോക മുറക്കാരി' എന്ന പ്രൊമോ ഗാനവും ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.