മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു; മഹേഷ് നാരായണൻ ചിത്രം നവംബറിൽ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് റിപ്പോർട്ട്; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം

Update: 2024-10-06 09:07 GMT

കൊച്ചി: മലയാളത്തിലെ താരരാജാക്കന്മാർ വീണ്ടും ഒന്നിക്കുന്നു. മഹേഷ് നാരായണനാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരു മുഴുനീള ചിത്രത്തിൽ ഒരുമിച്ചെത്തുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നവംബര്‍ മാസം ആരംഭിക്കും എന്നാണ് വിവരം. ലണ്ടന്‍, ശ്രീലങ്ക, ഹൈദരാബാദ്, ദില്ലി, കൊച്ചി എന്നിവിടങ്ങളാവും ഷൂട്ടിംഗ്‌ ലൊക്കേഷൻ.

2013 ല്‍ കടല്‍ കടന്നൊരു മാത്തുക്കൂട്ടി എന്ന രഞ്ജിത്ത് മമ്മൂട്ടി ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയിരുന്നു. എന്നാല്‍ ഇരുവരും തുല്യപ്രധാന്യമുള്ള റോളില്‍ അവസാനമായി അഭിനയിച്ചത് താര സംഘടന അമ്മയ്ക്ക് വേണ്ടി നിര്‍മ്മിച്ച ജോഷി ചിത്രം ട്വന്‍റി20യിലാണ്. അതിൽ സംഘടനയിലെ താരങ്ങളെല്ലാം അഭിനയിച്ചിരുന്നു.

അടുത്തിടെ നടന്ന അമ്മയുടെ സ്റ്റേജ് ഷോയില്‍ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ആശീര്‍വാദ് സിനിമാസും മമ്മൂട്ടി കമ്പനിയും ഒന്നിക്കുന്നു എന്ന സൂചന നല്‍കിയിരുന്നു. ഈ ചിത്രം തന്നെയാണ് ആരംഭിക്കുന്നത് എന്നാണ് സൂചന. 80 കോടിയോളം ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കൂടുതല്‍ നിര്‍മ്മാണ പങ്കാളികള്‍ ഉണ്ടാകും എന്നാണ് വിവരം.

1982 പുറത്തിറങ്ങിയ 'പടയോട്ടം' എന്ന ചിത്രത്തിലാണ് ആദ്യമായി ഇരുവരും ഒരുമിച്ചത്. ശേഷം നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് എത്തിയിട്ടുണ്ട്. ഇതില്‍ പലതും മലയാളത്തിലെ വമ്പന്‍ ബോക്സോഫീസ് ഹിറ്റുകളാണ്. മലയാള സിനിമയിലെ താര രാജക്കന്മാര്‍ വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ ആകാംക്ഷയിലാണ് ആരാധകർ.

Tags:    

Similar News