ബോക്സ് ഓഫീസിലും 'വയലൻസ്'; ബോളിവുഡിലും തരംഗമായി 'മാർക്കോ'; ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്
കൊച്ചി: ഗംഭീര ബോക്സ് ഓഫീസ് പ്രകടനവുമായി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ'. മലയാളത്തിന് പുറമെ ബോളിവുഡിലും ചിത്രത്തിന് വൻ സ്വീകാര്യതാണ് ലഭിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരിക്കും 'മാർക്കോ' എന്നാണ് വിലയിരുത്തൽ. ഇപ്പോഴിതാ 12 ദിവസം കഴിയുമ്പോൾ ചിത്രം നേടിയ കളക്ഷൻ കണക്കുകളാണ് പുറത്ത് വരുന്നത്.
മാര്‍ക്കോ 71 കോടി രൂപയിലധികം നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദേശത്ത് നിന്ന് മാത്രം 21 കോടി രൂപയിലേറെ നേടിയിട്ടുണ്ട് എന്നാണ് കളക്ഷൻ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ബോളിവുഡിൽ നിന്നും 3.13 കോടി രൂപയാണ് ചിത്രത്തിന് നേടാനായത്. ആദ്യ ദിനം മുതൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം മലയാളത്തിലെ അടുത്ത ബ്ലോക്ക് ബസ്റ്ററാകുമെന്നാണ് കണക്ക് കൂട്ടൽ.
ആക്ഷന്‍ വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിൽ ഏഴ് സംഘട്ടന രംഗങ്ങളാണുള്ളത്. മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലിനോട് നൂറ് ശതമാനം കൂറ് പുലർത്തുന്നതാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ഹനീഫ് അദേനിയാണ് സംവിധാനം ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന മാർക്കോ മലയാളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയതില്‍വെച്ച് ഏറ്റവും വയലന്‍സ് ഉള്ള ചിത്രമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കരിയറിലെ ഏറ്റവും വ്യത്യസ്ഥമായ കഥാപാത്രമാണ് ജഗദീഷ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്. കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന് രവി ബസ്റൂര് ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.