ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ തരംഗമായി 'മാർക്കോ'; ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ഉണ്ണി മുകുന്ദൻ ചിത്രം; കഴിഞ്ഞ 24 മണിക്കൂറില്‍ വിറ്റ ടിക്കറ്റുകളുടെ കണക്ക് പുറത്ത്
കൊച്ചി: വലിയ പ്രതീക്ഷയോടെ തീയേറ്ററുകളിൽ എത്തിയ ഉണ്ണി മുകുന്ദൻ ചിത്രമാണ് 'മാർക്കോ'. ആദ്യ ദിവസം തന്നെ ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസകൾ പിടിച്ചു പറ്റി മുന്നേറുകയാണ്. നിരവധി മലയാളം ചിത്രങ്ങൾ ബോക്സ് ഓഫീസ് ബ്ലോക്ക് ബസ്റ്റർ അടിച്ചൊരു വർഷം കൂടിയായിരുന്നു ഇത്. വര്‍ഷം അവസാനിക്കുംമുന്‍പ് എത്തിയ 'മാർക്കോ' യും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വമ്പൻ ഹൈപ്പോടെ എത്തിയ ചിത്രം ത്രസിപ്പിക്കുന്ന തീയേറ്റർ അനുഭവമായിരുന്നു എന്നാണ് പ്രേക്ഷകാഭിപ്രായം. മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലിലെത്തിയ ചിത്രം പേരിനോട് കൂറ് പുലർത്തിയെന്നാണ് വിവരം. ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഇപ്പോഴിതാ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ ചിത്രം കഴിഞ്ഞ 24 മണിക്കൂറുകളില്‍ വിറ്റ ടിക്കറ്റുകളുടെ എണ്ണം പുറത്ത് വിട്ടിരിക്കുകയാണ്. റിലീസ് ദിനം രാത്രി മണിക്കൂറുകളില്‍ 14,000 ടിക്കറ്റുകള്‍ വരെ മാര്‍ക്കോയുടേതായി വിറ്റിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് അവസാന 24 മണിക്കൂറില്‍ 1.95 ലക്ഷം ടിക്കറ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയില്‍ വിറ്റിരിക്കുന്നത്. ബുക്ക് മൈ ഷോ റേറ്റിംഗിലും ചിത്രം മുന്നിലാണ്. പത്തില്‍ 9.1 ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ്. 15,000 ല്‍ അധികം വോട്ടുകള്‍ ലഭിച്ചതില്‍ നിന്നുള്ള ശരാശരി റേറ്റിംഗ് ആണ് ഇത്. ആദ്യ ദിനം മികച്ച ബോക്സ് ഓഫീസ് റിപ്പോർട്ടുകളാണ് പുറത്ത് വന്നത്.
ചിത്രത്തിന്‍റെ ആഗോള ഓപ്പണിംഗ് 10.8 കോടിയാണ്. ചിത്രം കേരളത്തില്‍ നിന്ന് 4.5 കോടിയോളം നേടിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഉണ്ണി മുകുന്ദന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആണ് ഇത്. ഇതോടെ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഞായറാഴ്ചത്തെ ചില ഷോകള്‍ ഇന്നലെ തന്നെ ഫില്‍ ആയിരുന്നു. ആദ്യ ദിന റെക്കോര്‍ഡ് കളക്ഷൻ നേടിയ ചിത്രം വരും ദിവസങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് കണക്ക് കൂട്ടൽ.
ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിൽ ഏഴ് സംഘട്ടന രംഗങ്ങളാണുള്ളത്. കരിയറിലെ ഏറ്റവും വ്യത്യസ്ഥമായ കഥാപാത്രമാണ് ജഗദീഷ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്. കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍റൂര്‍ ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്.
സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.