'മാർക്കോ'യ്ക്ക് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ; നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ആന്റണി വർഗീസ് ചിത്രം; 'കാട്ടാളൻ' മെയ് 14ന് തീയേറ്ററുകളിലേക്ക്

Update: 2026-01-11 16:54 GMT

കൊച്ചി: ആന്റണി വർഗ്ഗീസ് നായകനാവുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം 'കാട്ടാളൻ' മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി അടയാളപ്പെടുത്തുന്ന ഈ ചിത്രം, ഷൂട്ടിംഗ് പൂർത്തിയാവുന്നതിന് മുൻപേ തന്നെ പ്രീ-റിലീസ് ബിസിനസ്സിൽ റെക്കോർഡുകൾ ഭേദിച്ചതായാണ് റിപ്പോർട്ടുകൾ. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിച്ച്, നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ജനുവരി 16-ന് പുറത്തിറങ്ങും.

മലയാള സിനിമ കണ്ട ഏറ്റവും വലിയ ഓവർസീസ് ഡീലുകളിൽ ഒന്നാണ് 'കാട്ടാളൻ' സ്വന്തമാക്കിയത്. ഫാർസ് ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിന്റെ വിദേശ റിലീസ് ഒരുങ്ങുന്നത്. 'മാർക്കോ' എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ചിത്രമാണിത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി മെഗാ ക്യാൻവാസിൽ അവതരിപ്പിക്കുന്ന 'കാട്ടാളൻ' ഗംഭീരമായ പൂജാ ചടങ്ങുകളോടെയാണ് ലോഞ്ച് ചെയ്തത്.

ചിത്രത്തിലെ ആദ്യ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ടീസർ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആന്റണി വർഗ്ഗീസിന്റെ സ്റ്റൈലിഷ് മാസ്സ് ഗെറ്റപ്പ് പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. തായ്‌ലന്റിൽ ചിത്രീകരിച്ച ആനയുമായുള്ള സംഘട്ടന രംഗങ്ങൾ സിനിമയുടെ പ്രധാന ആകർഷണമായിരിക്കുമെന്നാണ് സൂചന.

'ഓങ് ബാക്ക്' സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയും അദ്ദേഹത്തിന്റെ ടീമുമാണ് തായ്‌ലൻഡിൽ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. 'ഓങ് ബാക്ക്' സീരീസിലൂടെ വലിയ ശ്രദ്ധ നേടിയ "പോങ്" എന്ന ആനയും 'കാട്ടാളന്റെ' ഭാഗമാണ്. 'കാന്താര', 'മഹാരാജ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കന്നഡ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് 'കാട്ടാളന്' സംഗീതമൊരുക്കുന്നത്. തമിഴ് നടി ദുഷാര വിജയൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ ഒരു വലിയ താരനിര അണിനിരക്കുന്നുണ്ട്.

Tags:    

Similar News