'ധീരമായ പരീക്ഷണം, മമ്മൂക്കയും വിനായകനും വെള്ളിത്തിരയിൽ മത്സരിച്ച് അഭിനയിക്കുന്ന കാഴ്ച'; ശക്തമായ പ്രമേയം, മികച്ച അവതരണം; 'കളങ്കാവൽ' ചിത്രത്തെ പ്രശംസിച്ച് മന്ത്രി വി. ശിവൻകുട്ടി
കൊച്ചി: ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത പുതിയ ക്രൈം ത്രില്ലർ ചിത്രം 'കളങ്കാവൽ' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെയും വിനായകൻ്റെയും പ്രകടനങ്ങളെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 4.75 കോടി രൂപ കളക്ഷൻ നേടിയതായി സാക്നിൽക്കിൻ്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മമ്മൂട്ടി വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തെ 'ധീരമായ പരീക്ഷണം' എന്നാണ് മന്ത്രി ശിവൻകുട്ടി വിശേഷിപ്പിച്ചത്. മലയാള സിനിമയുടെ നിലവാരം ഉയർത്തുന്ന ചിത്രങ്ങളുടെ പട്ടികയിൽ 'കളങ്കാവലിനെ' ധൈര്യമായി ചേർക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലം ചെല്ലുന്തോറും അഭിനയത്തിന്റെ പുതുതലങ്ങൾ തേടുന്ന മമ്മൂട്ടിയുടെ ധൈര്യവും അർപ്പണബോധവും അതിശയകരമാണെന്നും, അതിസൂക്ഷ്മമായ ഭാവഭേദങ്ങൾ കൊണ്ട് അദ്ദേഹം കഥാപാത്രത്തെ അവിസ്മരണീയമാക്കിയെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫെയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
'കളങ്കാവൽ': ധീരമായ പരീക്ഷണം
മലയാള സിനിമയുടെ നിലവാരം കൂടുതൽ മികവിലേയ്ക്ക് ഉയർത്തുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് ധൈര്യമായി ചേർത്തുവെക്കാവുന്ന ഒന്നാണ് ഈ ചിത്രം. നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കയും വിനായകനും വെള്ളിത്തിരയിൽ മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് 'കളങ്കാവലി'ൽ കണ്ടത്. കാലം ചെല്ലുന്തോറും അഭിനയത്തിന്റെ പുതുതലങ്ങൾ തേടുന്ന മമ്മൂക്കയുടെ ധൈര്യവും അർപ്പണബോധവും അത്ഭുതപ്പെടുത്തുന്നു. അതിസൂക്ഷ്മമായ ഭാവഭേദങ്ങൾ കൊണ്ട് അദ്ദേഹം തന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കി.
അതുപോലെ തന്നെ എടുത്തു പറയേണ്ടതാണ് വിനായകന്റെ പ്രകടനം. പച്ചയായ മനുഷ്യജീവിതങ്ങളെ, അതിന്റെ എല്ലാ തീവ്രതയോടും കൂടി സ്ക്രീനിലെത്തിക്കാൻ വിനായകനുള്ള കഴിവ് അപാരമാണ്. മമ്മൂക്കയ്‌ക്കൊപ്പം ഒട്ടും പിന്നിലല്ലാതെ കട്ടയ്ക്ക് നിൽക്കുന്ന പ്രകടനമാണ് വിനായകൻ കാഴ്ചവെച്ചിരിക്കുന്നത്. ശക്തമായ പ്രമേയവും മികച്ച അവതരണവും കൊണ്ട് 'കളങ്കാവൽ' പ്രേക്ഷകമനസ്സിൽ ഇടംപിടിക്കുമെന്നതിൽ സംശയമില്ല. ഈ നല്ല സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച സംവിധായകനും മറ്റ് അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
നല്ല സിനിമകൾ വിജയിക്കട്ടെ.
