താടിയെടുത്ത് മീശ..മാത്രം വെച്ച് വീണ്ടും ക്യൂട്ട് ലുക്കിൽ ലാലേട്ടൻ..; അതേടാ..നമ്മുടെ വിന്റജ് ഏട്ടനെ കണ്ടുവെന്ന് ആരാധകർ; ഷേവ് ചെയ്തത് അടുത്ത സിനിമയ്ക്ക് വേണ്ടി

Update: 2026-01-23 11:32 GMT

സൂപ്പർതാരം മോഹൻലാലിന്റെ പുതിയ ചിത്രമായ 'എൽ 366'-ന്റെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയോടെയാണ് ഈ സിനിമ ഒരുങ്ങുന്നത്. ചിത്രത്തിനായി താടി പൂർണ്ണമായും കളഞ്ഞ് കട്ടി മീശ വെച്ചുള്ള പുത്തൻ രൂപത്തിലാണ് താരം എത്തുന്നത്. പുതിയ ലുക്കിലുള്ള തന്റെ ചിത്രം മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

മോഹൻലാലിന്റെ കരിയറിലെ 366-ാമത്തെ ചിത്രമാണിത്. വൻ വിജയം നേടിയ തുടരും എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ്. ലൊക്കേഷനിൽ നിന്നുള്ള ആദ്യ ചിത്രങ്ങളും മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ വെച്ച് നടന്ന പൂജ ചടങ്ങുകൾക്ക് ശേഷമാണ് ചിത്രീകരണം തൊടുപുഴയിലേക്ക് മാറ്റിയത്. 'ദൃശ്യം 3'-ന് ശേഷം മോഹൻലാൽ തൊടുപുഴയിലേക്ക് ചിത്രീകരണത്തിനായി എത്തുന്നത് ഈ സിനിമയ്ക്ക് വേണ്ടിയാണ്.

രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ജേക്സ് ബിജോയ് സംഗീതവും, ഷാജികുമാർ ഛായാഗ്രഹണവും, വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദ് ശബ്ദസംവിധാനവും, മഷർ ഹംസ വസ്ത്രാലങ്കാരവും, ഗോകുൽ ദാസ് പ്രൊഡക്ഷൻ ഡിസൈനും ഒരുക്കുന്നു. ബിനു പപ്പു കോ ഡയറക്ടറും, സുധർമ്മൻ വള്ളിക്കുന്ന് പ്രൊഡക്ഷൻ കൺട്രോളറുമാണ്. റോണെക്സ് സേവിയറാണ് മേക്കപ്പ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 21-ാമത്തെ ചിത്രം കൂടിയാണിത്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. പോലീസ് വേഷത്തിൽ മോഹൻലാൽ തിരിച്ചെത്തുന്ന ഈ ചിത്രം പ്രേക്ഷകരിൽ വലിയ പ്രതീക്ഷയാണ് ഉണർത്തുന്നത്.

Tags:    

Similar News