മോഹൻലാൽ-ശോഭന കോമ്പോ വീണ്ടും സ്‌ക്രീനിൽ; തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ പുതിയ അപ്ഡേറ്റെത്തി; പോസ്റ്റർ പുറത്ത് വിട്ടു
കൊച്ചി: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് 'തുടരും'. പ്രഖ്യാപനം എത്തിയത് മുതൽ ചർച്ചകളിൽ നിറഞ്ഞ മോഹൻലാൽ-തരുണ്‍ മൂര്‍ത്തി കോമ്പോയുടെ ചിത്രമായിരുന്നു ഇത്. മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. മോഹന്‍ലാലും ശോഭനയും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയുണ്ട് ചിത്രത്തിന്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ.
ശോഭനയുടെയും മോഹന്‍ലാലിന്‍റെയും പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എവർഗ്രീൻ കോംബോ എന്നും മറ്റും അഭിസംബോധന ചെയ്ത് ഈ പോസ്റ്റര്‍ ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഷണ്‍മുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
രജപുത്ര ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ ആര്‍ സുനിലിന്റെ കഥയ്ക്ക് സുനിലും തരുണ്‍മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര ആര്‍ട്ട് ഫെസ്റ്റിവലുകളില്‍ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച കെ ആര്‍ സുനില്‍ എഴുത്തുകാരന്‍ കൂടിയാണ്.