'ഇനി ഖുറേഷി അബ്രാമിന്റെ വരവാണ്..'; വൻ താരനിരയിൽ ഒരുങ്ങുന്ന ആക്ഷൻ പടം; മാര്‍ച്ച് 27 ന് തീയറ്ററുകൾ പൂരപ്പറമ്പാകും; ചിത്രത്തിന് മൂന്ന് നിര്‍മ്മാതാക്കള്‍; ആഗോള റിലീസിനൊരുങ്ങി 'എമ്പുരാൻ'; ഗോകുലം ഗോപാലന് നന്ദി പറഞ്ഞ് നടൻ മോഹന്‍ലാല്‍; കടുത്ത ആകാംക്ഷയിൽ ആരാധകർ!
കൊച്ചി: മലയാള സിനിമ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'എമ്പുരാൻ'. മലയാളത്തിലെ സൂപ്പർതാരം പൃഥിരാജ് സംവിധാനം ചെയ്ത് ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് എമ്പുരാൻ. സിനിമയുടെ ആദ്യഭാഗമായ 'ലൂസിഫർ' തീയറ്ററുകളിൽ വൻ വിജയമായിരുന്നു. ശേഷം സംവിധായകൻ പടത്തിനൊരു സെക്കൻഡ് പാർട്ട് ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ആരാധകർ വലിയ ആവേശത്തിലായിരുന്നു. ഇനി സ്റ്റീഫൻ നെടുമ്പള്ളിയുടെ കഴിഞ്ഞ കാലം എങ്ങനെയായിരുന്നുവെന്ന് അറിയാനുള്ള വലിയ ആവേശത്തിലാണ് കേരളത്തിലെ ആരാധകർ. മാർച്ച് 27 ന് ആഗോള റിലീസായി സിനിമ എത്തുമെന്നാണ് ഇപ്പോൾ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
അതുപോലെ, മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ എമ്പുരാന്‍റെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയതായി ഔദ്യോഗിക പ്രഖ്യാപനം. അപ്ഡേറ്റുകള്‍ ഒന്നുമില്ലാതിരുന്ന രണ്ട് ആഴ്ചകള്‍ക്ക് ശേഷം ഗോകുലം ഗോപാലന്‍റെ ശ്രീ ഗോകുലം മൂവീസ് ചിത്രവുമായി സഹകരിക്കുകയാണെന്ന് മോഹന്‍ലാലും പൃഥ്വിരാജും അടക്കമുള്ള അണിയറക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചു. പുതിയ പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം. ഗോകുലം ഗോപാലന് പ്രത്യേകം നന്ദി പറഞ്ഞുകൊണ്ടാണ് ഇരുവരും റിലീസ് തീയതി ഒരിക്കല്‍ക്കൂടി സ്ഥിരീകരിച്ചിരിക്കുന്നത്. ഈ പ്രോജക്റ്റിന്‍റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് ഗോകുലം മൂവീസും പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം ആദ്യം റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നതോടെ തമിഴിലെ മുന്‍നിര ബാനറായ ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രത്തില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറുന്നില്ല. പുതിയ പോസ്റ്ററിലും ലൈക്കയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ മൂന്ന് നിര്‍മ്മാതാക്കളാണ് ചിത്രത്തിന്. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ ബാനറുകളില്‍ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാവും നിര്‍മ്മാതാക്കളായി ചിത്രത്തിന്‍റെ ടൈറ്റില്‍ കാര്‍ഡില്‍.
ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.
2023 ഒക്ടോബർ 5 ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. പൂർണ്ണമായും അനാമോർഫിക് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയാവും ഒരുക്കുക എന്നും സംവിധായകൻ പൃഥ്വിരാജ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.