രണ്ടാം വരവിലും തീയറ്ററുകളിൽ വൻ വരവേൽപ്പ്; റിപ്പീറ്റ് വാല്യൂവിലും മോഹൻലാൽ ചിത്രങ്ങൾ തന്നെ മുൻ നിരയിൽ; റീ റിലീസിന് ഒരുങ്ങി ഒരു ഡസന്‍ സിനിമകള്‍
കൊച്ചി: മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസ് തരംഗം തുടരുന്നു. സമീപകാലത്ത് വീണ്ടും തിയേറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രങ്ങൾക്കെല്ലാം വലിയ തോതിലുള്ള പ്രേക്ഷക പിന്തുണ ലഭിച്ചതിൻ്റെ പശ്ചാത്തലത്തിൽ, നിരവധി ക്ലാസിക് ചിത്രങ്ങൾ ഉടൻതന്നെ പുത്തൻ സാങ്കേതികവിദ്യകളോടെ പുനരവതരിപ്പിക്കാനൊരുങ്ങുകയാണ് നിർമാതാക്കൾ. ഏറ്റവുമൊടുവിൽ വീണ്ടും റിലീസ് ചെയ്ത 'രാവണപ്രഭു'വിനെ ആരാധകർ ആവേശപൂർവമാണ് ഏറ്റെടുത്തത്.
ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ നിന്നുള്ള ആഘോഷത്തിമിർപ്പുള്ള കാഴ്ചകൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. 'രാവണപ്രഭു'വിൻ്റെ റിലീസ് സമയത്ത് ജനിച്ചിട്ട് പോലുമില്ലാത്ത ഒരു തലമുറയും ഈ ചിത്രത്തിൻ്റെ രണ്ടാം വരവ് ആഘോഷമാക്കുന്നു എന്നത് ശ്രദ്ധേയമാണ്.ഈ അനൂല്ലഭ്യമായ സ്വീകാര്യത, കൂടുതൽ ചിത്രങ്ങൾ റീ-റിലീസ് ചെയ്യാനുള്ള പ്രചോദനം അണിയറ പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്.
റിപ്പോർട്ടുകൾ അനുസരിച്ച്, വിജയിച്ചതും പരാജയപ്പെട്ടതുമായ നിരവധി മോഹൻലാൽ ചിത്രങ്ങൾ റീ-റിലീസ് ലിസ്റ്റിലുണ്ട്. നേരത്തെ പ്രഖ്യാപിച്ചിരുന്ന 'ഗുരു', 'ഉദയനാണ് താരം', 'സമ്മർ ഇൻ ബത്‌ലഹേം', 'തേന്മാവിൻ കൊമ്പത്ത്' എന്നീ ചിത്രങ്ങൾ അവസാന മിനുക്കുപണികളിലാണ്. ഇതിന് പുറമെ, 27 വർഷങ്ങൾക്ക് ശേഷം 'ഉസ്താദ്' എന്ന സൂപ്പർഹിറ്റ് ചിത്രം 4കെ ദൃശ്യമികവോടെ പുനരവതരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ജാഗ്വർ സ്റ്റുഡിയോസ് ആണ് ഈ സംരംഭത്തിന് പിന്നിൽ.
ഇവ കൂടാതെ, 'റൺ ബേബി റൺ', 'കാക്കക്കുയിൽ', 'നമ്പർ 20 മദ്രാസ് മെയിൽ', 'ആറാം തമ്പുരാൻ', 'ദേവാസുരം', 'കാലാപാനി' തുടങ്ങിയ ചിത്രങ്ങളും റീ-റിലീസിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 'നരൻ', 'നരസിംഹം', 'ഹലോ' തുടങ്ങിയ ചിത്രങ്ങളും വീണ്ടും തിയേറ്ററുകളിലെത്തിക്കണമെന്ന ആവശ്യം ആരാധകർക്കിടയിൽ ശക്തമാണ്.
ഈയിടെ റീ-റിലീസ് ചെയ്ത മോഹൻലാൽ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ നേടിയത് മികച്ച പ്രതികരണമാണ്. 'സ്ഫടികം', 'മണിച്ചിത്രത്താഴ്', 'ദേവദൂതൻ', 'ഛോട്ടാ മുംബൈ' തുടങ്ങിയ ചിത്രങ്ങളാണ് 'രാവണപ്രഭു'വിന് മുമ്പ് റീ-റിലീസ് ചെയ്തത്. ഭദ്രൻ ഒരുക്കിയ 'സ്ഫടികം' രണ്ടാം വരവിൽ നാല് കോടിയിലധികം രൂപ നേടിയപ്പോൾ, ആദ്യ റിലീസിൽ പരാജയമായിരുന്ന 'ദേവദൂതൻ' റീ-റിലീസിൽ 5.4 കോടി നേടി വലിയ വിജയം സ്വന്തമാക്കി. 'മണിച്ചിത്രത്താഴ്' 4.7 കോടിയും, 'ഛോട്ടാ മുംബൈ' 3.78 കോടിയും നേടിയിരുന്നു.