നിഗൂഢതകൾ നിറച്ച ജോജു ജോര്‍ജ് ചിത്രത്തിനായി ഇനിയും കാത്തിരിക്കണം; റിലീസ് തീയതി മാറ്റി; 'നാരായണീന്റെ മൂന്നാണ്മക്കൾ' ഫെബ്രുവരി 7ന്
കൊച്ചി: സംവിധാന അരങ്ങേറ്റ ചിത്രമായ 'പണി' യുടെ വമ്പൻ വിജയത്തിന് ശേഷം ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'നാരായണീന്റെ മൂന്നാണ്മക്കള്'. ശരണ്‍ വേലായുധന് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരും ചിത്രത്തിൽ ശക്തമായ വേഷങ്ങളിലെത്തുന്നുണ്ട്. മോളിവുഡിൽ നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രത്തിന്റെ നിർമാണം. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയ വാർത്തകളാണ് പുര്ത്ത് വരുന്നത്. ജനുവരി 16ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ റിലീസ് ഡേറ്റ് ഫെബ്രുവരി 7 ലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം ചിത്രത്തിന്റെ ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു. ഏറെ നിഗൂഢതകള്‍ ഒളിപ്പിക്കുന്ന വിധത്തിലാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം കഥ പറയുന്നത്.
ഗാര്‍ഗി അനന്തന്, ഷെല്ലി നാബു, സജിത മഠത്തില്‍, തോമസ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് വേഷങ്ങളിൽ എത്തുന്നത്. സംവിധായകന്റേത് തന്നെയാണ് ചിത്രത്തിന്റെ രചനയും. അപ്പു പ്രഭാകര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം രാഹുല്‍ രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിസ്കണ്‍ പൊടുത്താസ്, വരികള്‍ റഫീഖ് അഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രതീക് ബാഗി, എഡിറ്റിംഗ് ജ്യോതി സ്വരൂപ് പാണ്ട.