ആവശ്യപ്പെട്ടത് പത്തിലേറെ മാറ്റങ്ങള്‍, ഇത് അനുസരിച്ചാലും ലഭിക്കുക എ സര്‍ട്ടിഫിക്കറ്റ്; എല്ലാ രാഷ്ട്രീയ മത വിഭാഗങ്ങളുടെയും തെറ്റായ ചിന്താഗതികളെ ഞങ്ങള്‍ വിമര്‍ശിച്ചിട്ടുണ്ട്; ഹാല്‍ സിനിമാ വിവാദത്തില്‍ നിഷാദ് കോയ

ആവശ്യപ്പെട്ടത് പത്തിലേറെ മാറ്റങ്ങള്‍, ഇത് അനുസരിച്ചാലും ലഭിക്കുക എ സര്‍ട്ടിഫിക്കറ്റ്

Update: 2025-10-09 11:32 GMT

കൊച്ചി: ഷെയിന്‍ നിഗമിന്റെ സിനിമാ വിവാദത്തില്‍ പ്രതികരണവുമായി തിരക്കഥാകൃത്തായ നിഷാദ് കോയ. നവാഗതനായ വീരയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നിന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന സെന്‍സര്‍ ബോര്‍ഡ് ആവശ്യത്തില്‍ പ്രതികരിച്ചു കൊണ്ട് തിരക്കഥാകൃത്തായ നിഷാദ് കോയ രംഗത്തെത്തി.

പത്തിലേറെ മാറ്റങ്ങള്‍ ആണ് ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് നിഷാദ് കോയ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കമ്യൂണല്‍ വിഷയങ്ങള്‍ ഉള്ളതിനാല്‍ 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാദമെന്നും നിഷാദ് കോയ ചൂണ്ടിക്കാണിച്ചു. 'പൊളിറ്റിക്കല്‍ സറ്റയറിന്റെ രൂപത്തില്‍ ചില കാര്യങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ മത വിഭാഗങ്ങളുടെയും തെറ്റായ ചിന്താഗതികളെ ഞങ്ങള്‍ വിമര്‍ശിച്ചിട്ടുണ്ട്. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശം എന്നിവ നീക്കം ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശമെന്നും നിഷാദ് കോയ പറഞ്ഞു.

'സിനിമയില്‍ നായിക ഒരു റാപ്പ് സോങ്ങിന്റെ ഭാഗമായിട്ട് പര്‍ദ്ദയിട്ടിട്ട് ഡാന്‍സ് കളിക്കുന്നുണ്ട്. ആ പര്‍ദ്ദ ഉള്ള സീന്‍ കട്ട് ചെയ്യണം എന്നാണ് പറയുന്നത്. ഈ കട്ടുകള്‍ ചെയ്താല്‍ പോലും സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് മാത്രമേ കിട്ടൂ. അത് അംഗീകരിക്കാന്‍ പറ്റാത്തതുകൊണ്ട് ഞങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുകയാണ്. ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണ്', നിഷാദ് കോയ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന 'ഹാല്‍' സിനിമയില്‍ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് സൂചന. ബോളിവുഡിലെ ശ്രദ്ധേയ ഗായകന്‍ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.

സംഗീതത്തിന് പ്രാധാന്യം നല്‍കി എത്തുന്ന ചിത്രം ജെ വി ജെ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഹാലിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയ രചന നിര്‍വഹിക്കുന്ന സിനിമയാണ് 'ഹാല്‍'. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാര്‍ട്‌നര്‍.

Tags:    

Similar News