'ഓപ്പറേഷൻ ജാവ'യുടെ രണ്ടാം ഭാഗവുമായി തരുൺ മൂർത്തി; പൃഥ്വിരാജ് പ്രധാന വേഷത്തിൽ; 'ഓപ്പറേഷൻ കംബോഡിയ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

Update: 2025-10-03 09:11 GMT

കൊച്ചി: സംവിധായകൻ തരുൺ മൂർത്തിയുടെ പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രം 'ഓപ്പറേഷൻ ജാവ'യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. 'ഓപ്പറേഷൻ കംബോഡിയ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നടൻ പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പൃഥ്വിരാജ് തന്റെ സമൂഹമാധ്യമ പേജുകളിലൂടെ പങ്കുവെച്ചതോടെയാണ് പ്രഖ്യാപനം പുറത്തുവന്നത്.

'ഓപ്പറേഷൻ ജാവ' ഒരു സിനിമയായിരുന്നില്ല, മറിച്ച് ഒരു സിനിമാ യൂനിവേഴ്സ് ആണെന്ന് തരുൺ മൂർത്തി പോസ്റ്ററിനൊപ്പം കുറിച്ചു. 'ഓപ്പറേഷൻ കംബോഡിയ' ആ യൂനിവേഴ്സിലെ അടുത്ത ചിത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വി.സിനിമാസ് ഇന്റർനാഷനൽ, ദി മാനിഫെസ്റ്റേഷൻ സ്റ്റുഡിയോ എന്നിവയുടെ സഹകരണത്തോടെ വേൾഡ് വൈഡ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

'ഓപ്പറേഷൻ ജാവ'യുടെ രണ്ടാം ഭാഗത്തിലും ലുക്മാൻ, ബാലു വർഗീസ്, ബിനു പപ്പു, അലക്സാണ്ടർ പ്രശാന്ത്, ഇർഷാദ് അലി തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നുണ്ട്. തരുൺ മൂർത്തി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.

Full View

2021 ഫെബ്രുവരി 12ന് തിയേറ്ററുകളിലെത്തിയ 'ഓപ്പറേഷൻ ജാവ' സൈബർ സെല്ലിലെ ഉദ്യോഗസ്ഥരും അവർ കൈകാര്യം ചെയ്യുന്ന കേസുകളുമായിരുന്നു പ്രമേയമാക്കിയത്. വിനായകൻ, ബാലു വർഗീസ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരായിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങൾ. ശ്രീ പ്രിയ സിനിമാസിന്റെ ബാനറിൽ വി.സിനിമാസ് ആയിരുന്നു നിർമ്മാതാക്കൾ. മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു 'ഓപ്പറേഷൻ ജാവ'. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം 'തുടരും' മലയാള സിനിമയിൽ വലിയ വിജയമായിരുന്നു.

Tags:    

Similar News