പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിൽ; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ടൈറ്റിൽ പോസ്റ്റർ പുറത്ത്; ചിത്രീകരണം ഉടൻ ആരംഭിക്കും
കൊച്ചി: പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിജയരാഘവൻ, മാത്യു തോമസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിന് ശേഷം പാർവതി തിരുവോത്തും 'കിഷ്‌ക്കിന്ധാകാണ്ഡം' എന്ന ചിത്രത്തിന് ശേഷം വിജയരാഘവനും മാത്യു തോമസും ഒന്നിക്കുന്ന ചിത്രമാണിത്. സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മലയാളത്തിലെയും തമിഴിലെയും നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ത്രില്ലർ ചിത്രമായിരിക്കും 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. പി. എസ്. സുബ്രഹ്മണ്യനും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചമൻ ചാക്കോയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്, അപ്പു പ്രഭാകർ ഛായാഗ്രഹണം ചെയ്യുന്നു. മുജീബ് മജീദ് ആണ് സംഗീതം നൽകുന്നത്. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനുകൾ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലാണ്.