'ആ ചാനൽ ആരോ ഹാക്ക് ചെയ്തു, ഞങ്ങളുടെ വരുമാനമാർഗമായിരുന്നു അത്'; തളർന്നിരിക്കാൻ പാടില്ലെന്ന് മനസിലായി; ഇൻസ്റ്റഗ്രാമിലൂടെ ഒരുപാട് പേർ അന്വേഷിച്ചതിനാൽ ആ തീരുമാനം എടുത്തെന്ന് പാർവതി വിജയ്
കൊച്ചി: തന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടതായി സീരിയൽ നടി പാർവതി വിജയ്. 'പാർവതി വിജയ് ഒഫീഷ്യൽ' എന്ന പേരിൽ പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചു. തൻ്റെ പുതിയ ചാനലിലൂടെയാണ് പാർവതി ഇക്കാര്യം ആരാധകരെ അറിയിച്ചത്. 'കുടുംബവിളക്ക്' എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ പാർവതിയുടെ 'പാർവൻ ലൈഫ്' എന്ന യൂട്യൂബ് ചാനലാണ് കുറച്ചുകാലം മുൻപ് ഹാക്ക് ചെയ്യപ്പെട്ടത്.
തനിക്കും മകൾ യാമിക്കുമുള്ള വിശേഷങ്ങൾ പങ്കുവെച്ചിരുന്നത് ഈ ചാനലിലൂടെയായിരുന്നുവെന്നും ഇത് തങ്ങളുടെ ഒരു പ്രധാന വരുമാനമാർഗം കൂടിയായിരുന്നുവെന്നും നടി വ്യക്തമാക്കി. പഴയ അക്കൗണ്ട് തിരികെ ലഭിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു. മുൻ ഭർത്താവും സീരിയൽ ക്യാമറാമാനുമായ അരുണുമായി വേർപിരിഞ്ഞ വിവരം അടുത്തിടെ പാർവതി പങ്കുവെച്ചിരുന്നു. അരുൺ ഒപ്പമുണ്ടായിരുന്ന സമയത്ത് ആരംഭിച്ച ചാനലായിരുന്നു 'പാർവൻ ലൈഫ്'.
വിവാഹമോചനത്തിനു ശേഷം ചാനലിന്റെ പേര് മാറ്റാൻ ഉദ്ദേശിച്ചിരുന്നതായും അവർ അറിയിച്ചിരുന്നു. ചാനൽ ഹാക്ക് ചെയ്യപ്പെട്ടതിനെത്തുടർന്ന് ആദ്യം എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചെങ്കിലും, തളർന്നിരിക്കാൻ പാടില്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെ നിരവധി പേർ ചാനലിനെക്കുറിച്ച് അന്വേഷിക്കുകയും പുതിയ ചാനൽ തുടങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്തതോടെയാണ് 'പാർവതി വിജയ് ഒഫീഷ്യൽ' എന്ന പുതിയ ചാനൽ ആരംഭിച്ചതെന്നും നടി പറഞ്ഞു. ഇനിമുതൽ ഡെയ്ലി വ്ലോഗുകളുമായി പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നും അവർ അറിയിച്ചു.