പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ത്രില്ലർ; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ചിത്രീകരണം ആരംഭിച്ചു

Update: 2026-01-02 17:21 GMT

കൊച്ചി: പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ത്രില്ലർ ചിത്രം 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ചിത്രീകരണം ആരംഭിച്ചു. 11 ഐക്കൺസ് എന്ന പുതിയ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമാ നിർമാണ രംഗത്തേക്ക് ഒരു പുതിയ പ്രതീക്ഷ നൽകുന്നു. ഒരു ബിഗ് ബഡ്ജറ്റ് സിനിമയായി ഒരുങ്ങുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

പാർവതി തിരുവോത്തിനെ കൂടാതെ വിജയരാഘവൻ, മാത്യു തോമസ്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കും. 'ഉള്ളൊഴുക്ക്' എന്ന സിനിമയ്ക്ക് ശേഷം പാർവതിയും 'കിഷ്കിന്ധാ കാണ്ഡം' എന്ന ചിത്രത്തിന് ശേഷം വിജയരാഘവനും മാത്യു തോമസും ഒന്നിക്കുന്ന ചിത്രമാണിത്.

പി. എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ലോക' എന്ന ചിത്രത്തിന് ശേഷം ചമൻ ചാക്കോ എഡിറ്റിംഗും 'രേഖാചിത്രം' എന്ന സിനിമയ്ക്ക് ശേഷം അപ്പു പ്രഭാകർ ഛായാഗ്രഹണവും നിർവഹിക്കുന്നു. 'കിഷ്ക്കിന്ധാ കാണ്ഡം', 'കളങ്കാവൽ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മുജീബ് മജീദാണ് സംഗീതം ഒരുക്കുന്നത്. മനോജ് കുമാർ പി ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സനൂപ് ചങ്ങനാശ്ശേരി പ്രൊഡക്ഷൻ കൺട്രോളറായും ദീപക് ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.

ഫിനാൻസ് കൺട്രോളർ ജോസഫ് കെ തോമസ്, സൗണ്ട് ഡിസൈൻ ജയദേവൻ ചക്കടത്ത്, കലാസംവിധാനം മകേഷ് മോഹനൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, മേക്കപ്പ് അമൽ ചന്ദ്രൻ, ആക്ഷൻ കലൈ കിംഗ്‌സൺ, വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മഞ്ജു ഗോപിനാഥ് ആണ് പി ആർ ഓ. ടാഗ് 360 ഡിഗ്രി ഡിജിറ്റൽ പി ആറും രോഹിത് കെ എസ് സ്റ്റിൽസും റോസ്റ്റഡ് പേപ്പർ പബ്ലിസിറ്റി ഡിസൈനും നിർവഹിക്കുന്നു. ഡിസംബറിൽ ചിത്രീകരണം ആരംഭിച്ച ഈ സിനിമയുടെ പ്രധാന ലൊക്കേഷനുകൾ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലാണ്.

Tags:    

Similar News