രൺവീർ സിങ് പ്രധാന വേഷത്തിലെത്തുന്ന 'ധുരന്ധർ'; ആദിത്യ ധർ ഒരുക്കുന്ന ചിത്രത്തിൽ അജിത് ഡോവലായി മാധവൻ?; ക്യാരക്ടർ പോസ്റ്റർ പുറത്ത്
മുംബൈ: രൺവീർ സിങ് നായകനാകുന്ന ആദിത്യ ധർ സംവിധാനം ചെയ്യുന്ന 'ധുരന്ധർ' എന്ന പുതിയ ചിത്രത്തിലെ ആർ. മാധവൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൻ്റെ ട്രെയിലർ നാളെ പുറത്തിറങ്ങുന്നതിന് മുന്നോടിയായാണ് രൺവീർ സിങ് പോസ്റ്റർ പങ്കുവെച്ചത്. ഈ വർഷം ഡിസംബർ 5-ന് ചിത്രം തിയേറ്ററുകളിലെത്തും.
പാന്റ്-സ്യൂട്ട് ധരിച്ച്, ഭാഗികമായി കഷണ്ടിയുള്ള ഹെയർസ്റ്റൈലിലാണ് പുറത്തുവന്ന പോസ്റ്ററിൽ, മാധവനെ കാണുന്നത്. 'കർമസാരഥി' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ, 'മരണത്തിൻ്റെ മാലാഖ' എന്ന ടാഗ് ലൈനോടെ അർജുൻ രാംപാലിൻ്റെ ക്യാരക്ടർ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. മാധവൻ്റെ ലുക്ക് കണ്ടതോടെ, അദ്ദേഹം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ആയാണ് ചിത്രത്തിൽ എത്തുന്നത് എന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായി പ്രചരിക്കുന്നുണ്ട്. 'ധുരന്ധറി'ൽ രൺവീർ സിങ് ഒരു അണ്ടർ കവർ സ്പൈ ആയി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
'ആൻ മരിയ കലിപ്പിലാണ്' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ സാറാ അർജുൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം നിർമ്മിക്കുന്നത് ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറുമാണ്. ചിത്രത്തിൻ്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു.