ഗെയിം ചേഞ്ചറിന് നഷ്ടം 200 കോടി; നിര്‍മ്മാതാവിന്റെ നഷ്ടം നികത്താന്‍ മറ്റൊരു ചിത്രം ചെയ്യാന്‍ ഒരുങ്ങി രാം ചരണ്‍; അഭിനയത്തിന് കുറഞ്ഞ പ്രതിഫലത്തിലായിരിക്കും അഭിനയിക്കുക എന്നും റിപ്പോര്‍ട്ട്

Update: 2025-01-22 10:24 GMT

ആദ്യ തെലുങ്ക് ചിത്രം കൊണ്ട് തന്നെ സംവിധായകന്‍ ശങ്കറിന്റെ ഗെയിം 'ഓവര്‍' ആയിരിക്കുകയാണ്. രാം ചരണിനെ നായകനാക്കി ശങ്കര്‍ ഒരുക്കിയ 'ഗെയിം ചേഞ്ചര്‍' ചിത്രം 200 കോടിയലധികം രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. 450 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രം 127 കോടി രൂപയാണ് കഷ്ടിച്ച് നേടിയത്. വന്‍ പരാജയമായി മാറിയ ചിത്രം അടുത്തയാഴ്ച തന്നെ തിയേറ്റര്‍ വിടുകയും ചെയ്യും.

ഗെയിം ചേഞ്ചര്‍ ഉണ്ടാക്കിയ നഷ്ടം നികത്താന്‍ നിര്‍മ്മാതാവ് ദില്‍ രാജുവിന് വേണ്ടി രാം ചരണ്‍ ഒരു ചിത്രം ഉടന്‍ ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിനായി താരം പ്രതിഫലം കുറയ്ക്കുമെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലവില്‍ ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാംചരണ്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം, രാം ചരണ്‍ വിവിധ ഗെറ്റപ്പുകളിലെത്തുന്ന ഗെയിം ചേഞ്ചറില്‍ ഒരു പ്രധാനവേഷത്തില്‍ ജയറാമും അഭിനയിക്കുന്നുണ്ട്. കിയാര അദ്വാനിയാണ് നായികയായെത്തിയത്. അഞ്ജലി, എസ് ജെ സൂര്യ, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍ തുടങ്ങിയ വലിയ താര നിര സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ കഥയും കഥാ സന്ദര്‍ഭങ്ങളും വളരെ പഴഞ്ചനാണ് എന്നും ഒരു ക്ലീഷേ കഥയാണ് ഗെയിം ചേഞ്ചറിന്റേത് എന്നാണ് സിനിമ കണ്ട ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം. ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സിനിമയ്ക്ക് സാധിച്ചില്ല എന്നതാണ് സത്യം. അതിനിടെ ചിത്രം 186 കോടി രൂപ ഓപ്പണിങ് ദിന കളക്ഷന്‍ നേടി എന്ന അണിയറപ്രവര്‍ത്തകരുടെ വാദം പൊളിഞ്ഞതും സിനിമയ്ക്ക് തിരിച്ചടിയായി.

ഫിലിം ട്രേഡ് അനലിസ്റ്റുകളാണ് ഈ വാദം പൊളിഞ്ഞത്. 186 കോടി നേടിയെന്ന വ്യാജ കണക്ക് അണിയറപ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 86 കോടി രൂപ മാത്രമാണ് ചിത്രം കളക്ഷന്‍ നേടിയത്. സിനിമയുടെ പോസിറ്റിവ് റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ടി കളക്ഷന്‍ ഉയര്‍ത്തി കാണിച്ചു എന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം.

Tags:    

Similar News