'ഇത് അയാളുടെ കാലമല്ലേ, ഇതിങ്ങനെ തുടരും'; റീ റിലീസിനൊരുങ്ങി മോഹൻലാൽ ചിത്രം; 'രാവണപ്രഭു'വിന്റെ റിലീസ് തീയ്യതി പുറത്ത്

Update: 2025-09-26 13:26 GMT

കൊച്ചി: മോഹൻലാൽ നായകനായെത്തിയ 'രാവണപ്രഭു' എന്ന ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക്. ഒക്ടോബർ 10നാണ് 4K, ഡോൾബി അറ്റ്‌മോസ് ദൃശ്യ-ശ്രവ്യ മികവോടെ ചിത്രം റീ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ റീ റിലീസ് പോസ്റ്റർ പുറത്തുവന്നിട്ടുണ്ട്. 'ഇത് അയാളുടെ കാലമല്ലേ, ഇതിങ്ങനെ തുടരും' എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.

രഞ്ജിത്ത് രചനയും സംവിധാനവും നിർവ്വഹിച്ച് 2001ൽ പുറത്തിറങ്ങിയ 'രാവണപ്രഭു', സംവിധായകന്റെ കരിയറിലെ ആദ്യ ചിത്രം കൂടിയായിരുന്നു. ഐ.വി. ശശി സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങി കൾട്ട് സ്റ്റാറ്റസ് നേടിയ 'ദേവാസുരം' എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തിന്റെ മകനായ കാർത്തികേയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് രഞ്ജിത്ത് സംവിധായകനായി അരങ്ങേറിയത്.

റിലീസ് സമയത്ത് വൻ വിജയമായിരുന്ന ചിത്രം, കാർത്തികേയന്റെ മാസ് രംഗങ്ങളിലൂടെയും നീലകണ്ഠന്റെ വൈകാരിക രംഗങ്ങളിലൂടെയും പ്രേക്ഷക പ്രീതി നേടി. ഇപ്പോഴും സോഷ്യൽ മീഡിയ റീലുകളിൽ കാർത്തികേയന്റെ പല മാസ് രംഗങ്ങളും ആവർത്തിച്ചെത്താറുണ്ട്. മലയാളത്തിലെ റീ റിലീസ് ചിത്രങ്ങളിൽ വലിയ ചലനം സൃഷ്ടിച്ച 'ഛോട്ടാ മുംബൈ'ക്ക് പിന്നാലെയാണ് 'രാവണപ്രഭു' തിയേറ്ററുകളിലെത്തുന്നത്.

'ഛോട്ടാ മുംബൈ'ക്ക് പുറമെ മോഹൻലാലിന്റെ മറ്റ് മൂന്ന് ചിത്രങ്ങളും ഇതിനോടകം റീ റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്. സമീപകാലത്ത് 'സ്ഫടികം', 'ദേവദൂതൻ', 'മണിച്ചിത്രത്താഴ്' എന്നീ ചിത്രങ്ങളും റീ റിലീസ് ചെയ്ത് വിജയകരമായി പ്രദർശനം നടത്തിയിരുന്നു. 'ഉദയനാണ് താരം' എന്ന ചിത്രവും ഇത്തരത്തിൽ റീ റിലീസിന് ഒരുങ്ങുന്നുണ്ട്. 'മാറ്റിനി നൗ' ആണ് 'രാവണപ്രഭു'വിന്റെയും റീമാസ്റ്ററിംഗ് നിർവ്വഹിച്ചിരിക്കുന്നത്.

Tags:    

Similar News