2025 ലെ ആദ്യ ചിത്രം തന്നെ ഹിറ്റിലേക്ക്; മികച്ച ബോക്സ് ഓഫീസ് പ്രകടനവുമായി ആസിഫ് അലി ചിത്രം; ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി രേഖാചിത്രത്തിന്റെ കുതിപ്പ്; 24 മണിക്കൂറില്‍ വിറ്റത് 1.13 ലക്ഷത്തിലധികം ടിക്കറ്റുകൾ
കൊച്ചി: ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ആസിഫ് അലിയുടെ പുതുവർഷത്തെ ആദ്യ റിലീസായ 'രേഖാചിത്രം'. കൂമൻ, തലവൻ എന്നീ ഹിറ്റ് ചിത്രങ്ങളിലെ പൊലീസ് വേഷങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷം ആസിഫ് അലി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രമെന്ന നിലയിൽ 'രേഖാചിത്രം' വലിയ ശ്രദ്ധ നേടിയിരുന്നു. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ‘ദി പ്രീസ്റ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജോഫിൻ ടി ചാക്കോയാണ്.
മികച്ച ബോക്സ് ഓഫീസ് ഓപ്പണിംഗുമായാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. രണ്ടാം ദിനത്തിലും മികച്ച കളക്ഷൻ ചിത്രത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1.13 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമായ ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റത്. ശനിയാഴ്ചയായ ഇന്ന് മണിക്കൂറില്‍ എണ്ണായിരത്തിലേറെ ടിക്കറ്റുകളുമായി കുതിക്കുകയാണ് വില്‍പ്പന. ബുക്ക് മൈ ഷോയിലെ മാത്രം കണക്കാണ് ഇത്. കേരളത്തില്‍ മാത്രമല്ല, കേരളത്തിന് പുറത്ത് ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ തുടങ്ങിയ ഇതര സംസ്ഥാന നഗരങ്ങളിലും മികച്ച ടിക്കറ്റ് വില്‍പ്പനയുണ്ട് ചിത്രത്തിന്. നിരവധി ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ അവിടങ്ങളിലും ലഭിക്കുന്നുമുണ്ട്.
ചിത്രത്തിൻ്റെ മേക്കിങ്ങിനും, കഥാപാത്രങ്ങളുടെ പ്രകടനത്തിനും വലിയ കൈയടിയാണ് ലഭിക്കുന്നത്. പുതുമയുള്ള രീതിക്കാണ് ചിത്രം കഥ പറയുന്നതെന്നതും രേഖാചിത്രത്തിന്റെ പോസിറ്റീവാണ്. ആസിഫ് അലിക്കൊപ്പം അനശ്വര രാജനും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കന്യാസ്ത്രീയായാണ് ചിത്രത്തിലെ നായികയായ അനശ്വര രാജന്‍ എത്തുന്നത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്.
മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അപ്പു പ്രഭാകർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദാണ്. മുജീബ് മജീദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.