പൊലീസ് വേഷത്തിൽ കസറി ആസിഫ് അലി; അവതരണത്തിലും പുതുമ നിറഞ്ഞ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; ശ്രദ്ധ നേടി 'രേഖാചിത്രം'; ആദ്യദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത്
കൊച്ചി: വലിയ പ്രതീക്ഷകളോടെ തീയേറ്ററുകളിൽ എത്തിയ ആസിഫ് അലി ചിത്രമാണ് 'രേഖാചിത്രം'. കൂമൻ, തലവൻ എന്നീ ഹിറ്റ് ചിത്രങ്ങളിലെ പൊലീസ് വേഷങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷം ആസിഫ് അലി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രമെന്ന നിലയിൽ 'രേഖാചിത്രം' വലിയ ശ്രദ്ധ നേടിയിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. ചിത്രത്തിൻ്റെ മേക്കിങ്ങിനും, കഥാപാത്രങ്ങളുടെ പ്രകടനത്തിനും വലിയ കൈയടിയാണ് ലഭിക്കുന്നത്. പുതുമയുള്ള രീതിക്കാണ് ചിത്രം കഥ പറയുന്നതെന്നതും രേഖാചിത്രത്തിന്റെ പോസിറ്റീവാണ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ‘ദി പ്രീസ്റ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജോഫിൻ ടി ചാക്കോയാണ്. ആസിഫ് അലിക്കൊപ്പം അനശ്വര രാജനും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇപ്പോഴിതാ റിലീസ് ദിനത്തിൽ ചിത്രം നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. റിപ്പോർട്ട് പ്രകാരം രണ്ട് കോടിയിലധികം രേഖാചിത്രം ആദ്യദിനം നേടി. അതായത് ഏകദേശം 2.05 കോടി രൂപ. കേരളത്തിലെ മാത്രം കളക്ഷൻ റിപ്പോർട്ടാണിത്. മികച്ച പ്രതികരണം ലഭിച്ചത് കൊണ്ട് തന്നെ ഇന്നും രണ്ട് കോടിയോ അതിൽ കൂടുതലോ കളക്ഷൻ രേഖാചിത്രം നേടുമെന്നാണ് വിലയിരുത്തൽ. ഇന്നലെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.
കന്യാസ്ത്രീയായാണ് ചിത്രത്തിലെ നായികയായ അനശ്വര രാജന് എത്തുന്നത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അപ്പു പ്രഭാകർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദാണ്. മുജീബ് മജീദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
കലാസംവിധാനം ഷാജി നടുവിൽ, ഓഡിയോഗ്രഫി ജയദേവൻ ചക്കാടത്ത്, ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, വിഫ്എക്സ് മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസേഴ്സ് ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ് ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ രംഗ് റെയ്സ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോഡിനേറ്റർ അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ് ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ ആസിഫ് കുറ്റിപ്പുറം, സംഘട്ടനം ഫാന്റം പ്രദീപ്, സ്റ്റിൽസ് ബിജിത് ധർമ്മടം, ഡിസൈൻ യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.