'എല്ലാവരുടെയും ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാകും; ആ പ്രതിസന്ധികള്‍ മുന്നോട്ടുള്ള വഴിയാക്കണമെന്നാണ് മണിച്ചേട്ടന്‍ എന്നെ പഠിപ്പിച്ചത്; പ്രതിസന്ധികള്‍ അതീജിവിച്ച് മുന്നോട്ട് പോകുമ്പോള്‍ കൂടുതല്‍ ശക്തിയും ആര്‍ജവവും ഉണ്ടാകും'; ആര്‍. എല്‍. വി രാമകൃഷ്ണന്‍

Update: 2025-01-16 09:42 GMT

തൃശ്ശൂര്‍: കലാമണ്ഡലത്തിലെ ആദ്യ നൃത്ത അധ്യാപകനായി കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാകമൃഷ്ണന്‍. അദ്ദേഹത്തെ ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചു. ഇന്ന് കലാമണ്ഡലം ജോലിയില്‍ പ്രവേശിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു തീരുമാനം കേരള കലാമണ്ഡലം എടുത്തത്.

'നമുക്കെല്ലാവര്‍ക്കും ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവുമല്ലോ, പ്രതിസന്ധികള്‍ മുന്നോട്ടുള്ള വഴിയാക്കണമെന്നാണ് മണിച്ചേട്ടന്‍ എന്നെ പഠിപ്പിച്ചിട്ടുള്ളത്'. ഒരുപാട് പ്രതിസന്ധികള്‍ തരണംചെയ്ത് നാം മുന്നോട്ട് പോകുംതോറും കൂടുതല്‍ ശക്തിയും ആര്‍ജവവും ഉണ്ടാകും. പ്രതിസന്ധികളെ മുന്നോട്ടുള്ള ചവിട്ടുപടിയായാണ് കാണുന്നത്', അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

'എസ്.സി. വിഭാഗത്തിലാണ് ഇപ്പോള്‍ നിയമനം കിട്ടിയത്. മോഹിനിയാട്ടത്തിലൂടെയാണ് എന്നെ എല്ലാവര്‍ക്കും പേരെടുത്ത് അറിയുക. 2022-24 കാലയളവിലാണ് ഞാന്‍ എംഎ ഭരതനാട്യപഠനം പൂര്‍ത്തിയാക്കിയത്. അതിനുശേഷമാണ് കലാമണ്ഡലത്തിലേക്ക് ജോലിക്ക് അപേക്ഷ ക്ഷണിച്ചത്. വളരെ അധികം സന്തോഷമുണ്ട്. കലാമണ്ഡലത്തിന്റെ ആരംഭസമയത്ത് ചെന്നൈയില്‍നിന്നുള്ള എ.ആര്‍.ആര്‍. ഭാസ്‌കര്‍, രാജരത്‌നം മാസ്റ്റര്‍ എന്നിവരായിരുന്നു നൃത്താധ്യാപകരായി ഉണ്ടായിരുന്നത്. അവര്‍ക്കുശേഷം നൃത്തവിഭാഗത്തില്‍ അധ്യാപകനായി ജോലി ലഭിക്കുക എന്നുള്ളത് സൗഭാഗ്യമായി കണക്കാക്കുന്നു.

എല്ലാം ഈശ്വരനിശ്ചയം. കേരള സര്‍ക്കാര്‍, സാംസ്‌കാരിക വകുപ്പ്, കലാമണ്ഡലത്തിലെ ഭരണസമിതി അംഗങ്ങള്‍, ഗുരുക്കന്മാര്‍ തുടങ്ങി എന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും ഈ അവസരത്തില്‍ എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യ അധ്യാപകനായാണ് ആര്‍.എല്‍.വി. രാമകൃഷ്ണന്‍ വ്യാഴാഴ്ച ജോലിയില്‍ പ്രവേശിച്ചത്.

Tags:    

Similar News