മാസ്സ് ലുക്കിൽ വിജയ് ദേവരകൊണ്ട; ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത് രവി കിരൺ കോല; ആരാധകരെ ആവേശത്തിലാഴ്ത്തി ആക്ഷൻ ചിത്രം 'റൗഡി ജനാർദന'യുടെ ടൈറ്റിൽ ഗ്ലിംപ്‌സ് വീഡിയോ
ഹൈദരാബാദ്: ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം 'റൗഡി ജനാർദന'യുടെ ഔദ്യോഗിക ടൈറ്റിൽ ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങി. രവി കിരൺ കോല സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയ് ദേവരകൊണ്ടയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് ആക്ഷൻ എന്റർടൈനറുകളിൽ ഒന്നായിരിക്കുമെന്ന സൂചനയാണ് വീഡിയോ നൽകുന്നത്. 1980കളിലെ ഈസ്റ്റ് ഗോദാവരിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ശക്തമായ ഒരു ആക്ഷൻ ഡ്രാമയായാണ് അവതരിപ്പിക്കപ്പെടുന്നത്. ചിത്രം ഡിസംബർ 2026ൽ തിയേറ്ററുകളിലേക്ക് എത്തും.
തെലുങ്ക് സിനിമയിലെ പ്രമുഖ നിർമ്മാതാവായ ദിൽ രാജുവാണ് ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. 'അർജുൻ റെഡ്ഡി' പോലുള്ള വിജയങ്ങൾക്ക് ശേഷം വിജയ് ദേവരകൊണ്ടയിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്ന മാസ്സ് ചേരുവകളെല്ലാം 'റൗഡി ജനാർദന'യിൽ ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന ഉറപ്പ്. ഗ്ലിംപ്‌സ് വീഡിയോയിൽ വിജയ് ദേവരകൊണ്ടയുടെ തീപ്പൊരി ആക്ഷൻ രംഗങ്ങളും സ്റ്റൈലിഷ് ലുക്കുമാണ് ഹൈലൈറ്റ്. തനതായ 'റൗഡി' സ്റ്റൈലിൽ എത്തുന്ന വിജയ് ആരാധകരെ ആവേശത്തിലാക്കുമെന്ന് ഉറപ്പാണ്. സുപ്രീം സുന്ദറിന്റെ ആക്ഷൻ കൊറിയോഗ്രഫിയും ശ്രദ്ധേയമാണ്. കീർത്തി സുരേഷാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
രാജാ വാരു റാണി ഗാരു' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രവി കിരൺ കോലയാണ് ഈ ചിത്രം ഒരുക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ പരുക്കൻ ലുക്കും ആക്ഷൻ പശ്ചാത്തലവുമാണ് ഗ്ലിംപ്‌സിൽ ഉടനീളം കാണാവുന്നത്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഹർഷവർദ്ധൻ രാമേശ്വർ ആണ്. വിജയ് ദേവരകൊണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ഈ ഗ്ലിംപ്‌സ് പുറത്തുവിട്ടത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ മുൻഗണന നൽകുന്ന ചിത്രത്തിൽ മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്യാൻ ലക്ഷ്യമിടുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ തീയറ്ററുകളിലെത്തും.
