മലയാളം സംസാരിക്കാന്‍ പേടി; ആളുകളെ വേദനിപ്പിക്കുമോയെന്ന് ഭയം; അമരനിലേത് തമിഴ് സംസാരിക്കുന്ന മലയാളി പെണ്‍കുട്ടിയുടേത്: സായ് പല്ലവി

മലയാളം സംസാരിക്കാന്‍ പേടി; ആളുകളെ വേദനിപ്പിക്കുമോയെന്ന് ഭയം

Update: 2024-10-28 11:17 GMT

കൊച്ചി: പ്രേമം സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സായ് പല്ലവി. ഇതിന് ശേഷം മറ്റുചില തെന്നിന്ത്യന്‍ സിനിമകളിലും സായ് പല്ലവി നായികയായി. മലയാളം സിനിമയിലെ സൂപ്പര്‍ഹിറ്റായി ചിത്രത്തിന്റെ ഭാഗമായിരുന്നു എങ്കിലും തനിക്ക് മലയാളം സംസാരിക്കാന്‍ പേടിയാണെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

അമരന്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഞായറാഴ്ച കൊച്ചി ഫോറം മാളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. മലയാളം ശരിയായി സംസാരിച്ചില്ലെങ്കില്‍ അത് മറ്റുള്ളവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുമോയെന്ന ഭയമാണ് ഇതിന് കാരണമെന്നും അവര്‍ തുറന്നു പറഞ്ഞു. അമരന്‍ സിനിമയില്‍ തന്റെ കഥാപാത്രം നന്നായി തമിഴ് സംസാരിക്കുന്ന മലയാളി പെണ്‍കുട്ടിയുടേതാണെന്നും ഈ കഥാപാത്രത്തെ കൃത്യമായി അവതരിപ്പിക്കാന്‍ 30 ദിവസമെടുത്തുവെന്നും അവര്‍ പറഞ്ഞു.

'മലയാളത്തില്‍ സംസാരിക്കാന്‍ എനിക്ക് പേടിയായിരുന്നു. പെര്‍ഫക്ട് ആക്കേണ്ടതുണ്ടെന്ന് എപ്പോഴും തോന്നിയിരുന്നു. തെറ്റ് പറഞ്ഞാല്‍ മലയാളികള്‍ക്ക് വിഷമമാവുമോ എന്ന ഭയമായിരുന്നു എനിക്ക്', സായ് പല്ലവി പറയുന്നു. എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. നിങ്ങളുടെ എല്ലാവരുടേയും സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. ഞായറാഴ്ച ആയിട്ടും ആളുകള്‍ എന്നെ കാണാന്‍ വന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ ആരാധരോട് പറഞ്ഞു.

രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന അമരനാണ് സായ് പല്ലവി നായികയാകുന്ന പുത്തന്‍ ചിത്രം. മേജര്‍ മുകുങ്ക് വരദരാജന്റെ യഥാര്‍ത്ഥജീവിതമാണ് സിനിമയുടെ പ്രമേയം. അമരനില്‍ ശിവകാര്‍ത്തികേയനാണ് നായകന്‍. കമല്‍ഹാസന്റെ രാജ് കമല്‍ ബാനറാണ് സിനിമയുടെ നിര്‍മ്മാണം. ഇന്ദു റബേക്ക വര്‍ഗീസ് എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്.

Tags:    

Similar News