അഖിൽ സത്യൻ ഒരുക്കുന്ന ഫാന്റസി ഹൊറർ കോമഡിയിൽ വല്യച്ഛനായി ജനാർദ്ദനൻ; ക്യാരക്ടർ പോസ്റ്റർ പുറത്ത്; നിവിൻ പോളി നായകനാകുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും
കൊച്ചി: നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ഫാന്റസി ഹൊറർ കോമഡി ചിത്രം 'സർവ്വം മായ' ഈ മാസം 25-ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിന് ഇനി നാല് ദിവസം മാത്രം ബാക്കിനിൽക്കെ, നടൻ ജനാർദ്ദനൻ അവതരിപ്പിക്കുന്ന 'വല്യച്ഛൻ' എന്ന കഥാപാത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കുന്ന 'സർവ്വം മായ'യിലൂടെ, സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകിയിരുന്ന നിവിൻ പോളിയുടെ പഴയ ശൈലി തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.
സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ഹൃദയപൂർവ്വം' എന്ന ചിത്രത്തിന് ശേഷം ജസ്റ്റിൻ പ്രഭാകരൻ സംഗീതസംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. മലയാള സിനിമയിലെ വിജയ കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'യ്ക്കുണ്ട്. നിവിൻ പോളി, ജനാർദ്ദനൻ എന്നിവരെ കൂടാതെ രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് 'സർവ്വം മായ' നിർമ്മിക്കുന്നത്. അഖിൽ സത്യനും രതിൻ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണവും, ബിജു തോമസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, രാജീവൻ പ്രൊഡക്ഷൻ ഡിസൈനറും, അജി കുറ്റിയാണി കലാസംവിധായകനുമാണ്. ശിവകുമാർ രാഘവാണ് പ്രൊമോഷൻ ഹെഡ്. ഏസ്തറ്റിക് കുഞ്ഞമ്മ ഡിസൈനുകളും, സ്നേക്ക്പ്ലാന്‍റ് മാർക്കറ്റിംഗും, ഹെയിൻസ് പി.ആർ.ഓ. പ്രവർത്തനങ്ങളും നിർവ്വഹിക്കുന്നു.