നിവിൻ പോളി ചിത്രം 'സർവ്വം മായ'; പ്രീതി മുകുന്ദന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്; തിയറ്ററുകൾ ചിരിയുടെ പൂരപ്പറമ്പാക്കാൻ അഖിൽ സത്യൻ ചിത്രം

Update: 2025-12-23 14:23 GMT

കൊച്ചി: നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന 'സർവ്വം മായ' എന്ന ചിത്രത്തിലെ നായിക പ്രീതി മുകുന്ദന്റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'സാധ്യ' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പ്രീതി അവതരിപ്പിക്കുന്നത്. 'പാച്ചുവും അത്ഭുതവിളക്കും' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഫാന്റസി ഹൊറർ കോമഡി എന്റർടൈനറായാണ് ഒരുങ്ങുന്നത്.

മലയാളത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'സർവ്വം മായ'. തമിഴ് താരം പ്രീതി മുകുന്ദൻ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. പുറത്തിറങ്ങിയ പോസ്റ്ററിൽ അതീവ സുന്ദരിയായിട്ടുള്ള പ്രീതിയുടെ ലുക്ക് ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

ഫാന്റസി ഹൊറർ കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് പ്രീതിയുടേതെന്ന് സംവിധായകൻ അഖിൽ സത്യൻ വ്യക്തമാക്കി. "ഫൺ ഇസ് എബൗട്ട് ടു ഗെറ്റ് സ്പൂക്കി" എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25-ന് തീയറ്ററുകളിലെത്തും.

ജനാർദ്ദനൻ, രഘുനാഥ് പാലേരി, അൽത്താഫ് സലിം, മധു വാര്യർ, റിയ ഷിബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ജസ്റ്റിൻ പ്രഭാകരനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ 25-ന് ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും. 

Tags:    

Similar News