തീയറ്ററുകളിൽ മികച്ച പ്രതികരണം; ക്രിസ്മസ് നിവിൻ പോളി തൂക്കിയോ?; 'സർവ്വം മായ'യുടെ ആദ്യ ദിന ആഗോള കളക്ഷന്‍ റിപ്പോർട്ടുകൾ പുറത്ത്
കൊച്ചി: അഖിൽ സത്യൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം 'സർവ്വം മായ' മികച്ച പ്രതികരണങ്ങളാണ് തീയറ്ററുകളിൽ നിന്നും നേടുന്നത്. ക്രിസ്മസ് ദിനത്തിൽ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം ആഗോള ബോക്സ് ഓഫീസിൽ 8 കോടിയോളം രൂപ കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ അജു വർഗീസും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ കണക്കുകൾ പുറത്തുവരുമ്പോൾ, കേരളത്തിൽ നിന്ന് മാത്രം 3.50 കോടി രൂപയും ഗൾഫ് രാജ്യങ്ങളിൽ നിന്ന് 3.05 കോടി രൂപയും ചിത്രം നേടി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 40 ലക്ഷം രൂപയും നോർത്ത് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള കളക്ഷനും ചേർത്താണ് ആഗോളതലത്തിൽ 8 കോടിയോളം രൂപയുടെ നേട്ടം.
റിലീസിന് മുൻപേ തന്നെ അഖിൽ സത്യനൊപ്പം നിവിൻ പോളിയും അജു വർഗീസും കോമഡിക്ക് പ്രാധാന്യമുള്ള ഒരു ചിത്രത്തിൽ ഒന്നിക്കുന്നു എന്ന വാർത്ത പ്രേക്ഷകരിൽ വലിയ പ്രതീക്ഷയുണർത്തിയിരുന്നു. ആദ്യ പ്രദർശനങ്ങൾക്ക് ശേഷം ലഭിച്ച പോസിറ്റീവ് അഭിപ്രായങ്ങളും മികച്ച മൗത്ത് പബ്ലിസിറ്റിയും ചിത്രത്തിന് ബോക്സ് ഓഫീസിൽ വലിയ കുതിപ്പുണ്ടാക്കാൻ സഹായിച്ചു. കേരളത്തിൽ ടിക്കറ്റ് ഡിമാൻഡ് വർധിച്ചതിനെത്തുടർന്ന് ചിത്രത്തിന്റെ ഷോ കൗണ്ടുകൾ ഉയർത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും, പ്രത്യേകിച്ച് ശനി, ഞായർ ദിനങ്ങളിലും ചിത്രം മികച്ച കളക്ഷൻ നേടുമെന്നാണ് സിനിമാ അനലിസ്റ്റുകളുടെ പ്രവചനം.
ഫാന്റസി ഹൊറർ കോമഡി വിഭാഗത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം അജു വർഗീസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇത് ഇരുവരും ഒരുമിക്കുന്ന പത്താമത്തെ ചിത്രമാണ്. പ്രേക്ഷകർ ഏറെ ആഗ്രഹിച്ച രീതിയിലാണ് നിവിൻ പോളി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നാണ് പൊതുവെയുള്ള പ്രതികരണങ്ങൾ.