'കല്യാണ ഹാൽ...'; ഷെയിൻ നിഗം നായകനാകുന്ന 'ഹാല്‍' സിനിമയിലെ പ്രണയം നിറച്ചൊരു ഗാനം പുറത്ത്; ഏറ്റെടുത്ത് ആരാധകർ
കൊച്ചി: നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഷെയ്ൻ നിഗം നായകനാകുന്ന 'ഹാൽ' എന്ന ചിത്രത്തിലെ പ്രണയം നിറച്ച 'കല്യാണ ഹാൽ...' എന്ന ഗാനം പുറത്തിറങ്ങി. നന്ദഗോപൻ വി ഈണമിട്ട് ബിൻസ് എഴുതിയ ഈ ഗാനം ഷെയ്ൻ നിഗം തന്നെയാണ് ആലപിച്ചിരിക്കുന്നത്. സെപ്റ്റംബർ 12ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്ന 'ഹാൽ' ഷെയ്ൻ നിഗത്തിന്റെ കരിയറിലെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രങ്ങളിൽ ഒന്നാണ്.
ഈ ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീ กุമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബേക്കർ, റിയാസ് നർമകല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നുണ്ട്.
മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ഒരേസമയം റിലീസ് ചെയ്യും. ഒരു കളർഫുൾ എന്റർടെയ്നർ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത ഗായകൻ അങ്കിത് തിവാരി ആദ്യമായി മലയാളത്തിൽ പാടുന്ന ചിത്രമെന്ന പ്രത്യേകതയും 'ഹാൽ'നുണ്ട്.