മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിന്റെ അപ്ഡേറ്റെത്തി; എസ് പി ചരൺ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു; ചിത്രം പങ്കുവെച്ച് അഖിൽ സത്യൻ

Update: 2025-01-16 11:56 GMT

കൊച്ചി: മലയാളി സിനിമ ആസ്വാദകർക്ക് എക്കാലവും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ-സത്യൻ അന്തിക്കാട്. മോളിവുഡിലെ റിപീറ്റ്‌ വാല്യൂവുള്ള നിരവധി ചിത്രങ്ങൾ ഒരുക്കിയ വീണ്ടും ഒരുമിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. 'ഹൃദയപൂർവ്വം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു അപ്‌ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്.

പ്രശസ്ത പിന്നണി ഗായകനായ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മകന് എസ് പി ചരൺ മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. ചരണിനും സംഗീതസംവിധായകൻ ജസ്റ്റിൻ പ്രഭാകരനുമൊപ്പമുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ അപ്‌ഡേറ്റ് പങ്കുവെച്ചത്.

തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ പിന്നണി ഗായകനായി സജീവമാണ് എസ് പി ചരൺ, ഇളയരാജ, എ ആർ റഹ്മാൻ, എം എം കീരവാണി, ഹാരിസ് ജയരാജ്, തുടങ്ങിയ പ്രമുഖ സംഗീതസംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അലൈപ്പയുധയിലെ കാതൽ സടുഗുഡു, വാരണം ആയിരത്തിലെ ഓ ശാന്തി എന്നിവ അദ്ദേഹത്തിൻ്റെ ഏറ്റവും ജനപ്രിയമായ ചില ഗാനങ്ങളാണ്. പണ്ണയാരും പദ്മിനിയും എന്ന ചിത്രത്തിലെ എനക്കാഗ പൊറന്തായേ എന്ന ഗാനത്തിന് ജസ്റ്റിനൊപ്പം അദ്ദേഹം സഹകരിച്ചിട്ടുണ്ട്.

കുഞ്ഞിരാമായണം, പാച്ചുവും അത്ഭുത വിളക്കും എന്നീ ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ച ജസ്റ്റിൻ്റെ മൂന്നാമത്തെ മലയാള ചിത്രമാണ് ഹൃദയപൂർവം. മോഹൻലാലിന്റെ നായികയായി നടി ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലുണ്ടാവുകയെന്ന് നേരത്തെ സത്യൻ അന്തിക്കാട് അറിയിച്ചിരുന്നു. മോഹൻലാലിനൊപ്പം ഐശ്വര്യ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. കൂടാതെ പഴയകാല നായിക സം​ഗീതയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നവാഗതനായ സോനു ടിപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനു മൂത്തേടത്ത് ക്യാമറ നിർവഹിക്കുന്നത്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് 'ഹൃദയപൂർവ്വം. ഈ വർഷം ഓഗസ്റ്റ് 25 ന് സിഗിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.  

Tags:    

Similar News