നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് ഒരുക്കുന്ന 'ശ്രീ അയ്യപ്പൻ'; ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് മല്ലികാ സുകുമാരൻ നിർവ്വഹിച്ചു; പ്രദർശനത്തിനെത്തുന്നത് അഞ്ച് ഭാഷകളിൽ

Update: 2025-11-04 12:39 GMT

തിരുവനന്തപുരം: നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ശ്രീ അയ്യപ്പൻ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടി മല്ലികാ സുകുമാരൻ നിർവ്വഹിച്ചു. തിങ്കളാഴ്ച തിരുവനന്തപുരത്ത് പാളയം സത്യൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിലാണ് ടൈറ്റിൽ ലോഞ്ച് നടന്നത്. അതേ ദിവസം മല്ലികാ സുകുമാരന്റെ ജന്മദിനവും കൂടിയായതിനാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കേക്കുമുറിച്ച് അവർക്ക് ജന്മദിനാശംസകൾ നേർന്നു.

ഭക്തിയും ഉദ്വേഗവും നിറഞ്ഞ ഒരു ത്രില്ലർ ചിത്രമായാണ് 'ശ്രീ അയ്യപ്പൻ' അണിയിച്ചൊരുക്കുന്നത്. ശബരിമലയുടെയും അയ്യപ്പന്റെയും സ്വാധീനം കണക്കിലെടുത്ത്, മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തിക്കും. ഗാനങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുള്ള ചിത്രത്തിൽ ഭക്തിസാന്ദ്രമായ ഗാനങ്ങളടക്കം ഏഴ് ഗാനങ്ങളുണ്ട്.

ചിത്രത്തിന്റെ നിർമ്മാതാക്കൾ ഡോ. ശ്രീകുമാർ (എസ്.കെ. മുംബൈ) ആണ്. അനീഷ് രവി, ദിനേശ് പണിക്കർ, കൊല്ലം തുളസി, ശ്രീജിത് ബാലരാമപുരം, രതീഷ് ഗിന്നസ്, സംഗീത സംവിധായകൻ ജീവൻ സോമൻ, മാധ്യമപ്രവർത്തകൻ രഞ്ജി കുര്യാക്കോസ്, സംവിധായകൻ റോയ് പി. തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. റിയാസ് ഖാൻ, കോട്ടയം രമേഷ്, ഡ്രാറാക്കുള, സുധീർ, പൂജപ്പുര രാധാകൃഷ്ണൻ, കുടശ്ശനാട് കനകം എന്നിവരോടൊപ്പം ബോളിവുഡ് താരം അൻസാറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

ഛായാഗ്രഹണം കിഷോറും ജഗദീഷും നിർവ്വഹിക്കുന്നു. ഷെറിയാണ് പശ്ചാത്തല സംഗീതം നൽകുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ചിത്രം മണ്ഡലകാലത്ത് പ്രദർശനത്തിനെത്തും. വാഴൂർ ജോസാണ് ചിത്രത്തിന്റെ പി.ആർ.ഒ.

Tags:    

Similar News