പ്രേക്ഷക പ്രശംസ നേടിയ ഹിറ്റ് ചിത്രം ഒടിടിയിലേക്ക്; 'സുമതി വളവ്' സ്ട്രീമിംഗ് ആരംഭിക്കുന്നത് സീ ഫൈവ് മലയാളത്തിലൂടെ; റിലീസ് തീയതി പുറത്ത്

Update: 2025-09-18 12:01 GMT

കൊച്ചി: വൻ വിജയത്തിന്റെ തിളക്കത്തിൽ 'സുമതി വളവ്' ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്ക്. തിയേറ്ററുകളിൽ 50 ദിവസങ്ങൾ പൂർത്തിയാക്കി 25 കോടിയിലധികം കളക്ഷൻ നേടിയ ചിത്രമാണ് സെപ്റ്റംബർ 26 മുതൽ സീ ഫൈവ് മലയാളത്തിൽ സ്ട്രീം ചെയ്യുന്നത്. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു കുടുംബ ചിത്രമായാണ് 'സുമതി വളവ്' പ്രേക്ഷക പ്രശംസ നേടിയത്.

ശ്രീ ഗോകുലം മൂവീസിന്റെയും വാട്ടർമാൻ ഫിലിംസിന്റെയും ബാനറിൽ ശ്രീ ഗോകുലം ഗോപാലനും മുരളി കുന്നുംപുറത്തും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവർ സഹനിർമ്മാതാക്കളാണ്. 'മാളികപ്പുറം' എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം വിഷ്ണു ശശി ശങ്കറാണ് 'സുമതി വളവ്' സംവിധാനം ചെയ്തത്. അഭിലാഷ് പിള്ളയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സൂപ്പർ ഹിറ്റ് ഗാനങ്ങളൊരുക്കിയ രഞ്ജിൻ രാജ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലെ വിതരണക്കാർ.

അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. മ്യൂസിക് 24x7 ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി. ദി പ്ലോട്ട് പിക്‌ചേഴ്‌സ് ആണ് ഓവർസീസ് വിതരണാവകാശികൾ. ശങ്കർ പി.വി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലി ആണ്.

Tags:    

Similar News