കങ്കുവയുടെ ക്ഷീണം തീർക്കാൻ 'നടിപ്പിൻ നായകൻ'; 'സൂര്യ 45' ന്റെ അപ്ഡേറ്റെത്തി; സ്വാസിക വിജയ്‌ക്കൊപ്പം പ്രധാന വേഷത്തിൽ ഇന്ദ്രൻസും; പ്രതീക്ഷയോടെ ആരാധകർ
കോയമ്പത്തൂർ: വൻ ഹൈപ്പോടെയെത്തി തീയറ്ററുകളിൽ പരാജയമായ സൂര്യ ചിത്രമാണ് 'കങ്കുവ'. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാകും ചിത്രമെന്നാണ് അണിയറ പ്രവർത്തകർ കണക്ക് കൂട്ടിയിരുന്നത്. എന്നാൽ ആദ്യ ദിനം മുതൽ ചിത്രത്തിന് വലിയ വിമർശനമാണ് നേരിട്ടത്. കങ്കുവ' വലിയ പരാജയമായതോടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സൂര്യ. ചിത്രത്തിലൂടെ വലിയ തിരിച്ചു വരവാണ് താരം ലക്ഷ്യമിടുന്നത്. ആര്‍ ജെ ബാലാജിയാണ് 'സൂര്യ 45' സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കോയമ്പത്തൂരിൽ ആരംഭിച്ച വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു.
ഇപ്പോഴിതാ ചിത്രത്തിൽ മലയാള താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുമെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. നടി സ്വാസിക വിജയ് ചിത്രത്തിൽ അഭിനയിക്കുന്നതായുള്ള സ്ഥിരീകരണം നേരത്തെ വന്നിരുന്നു. ഇന്ദ്രന്‍സും ചിത്രത്തിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നതായാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്.
അടുത്തിടെ പുറത്തിറങ്ങിയ സ്‌പോർട്‌സ്-ഡ്രാമ ചിത്രമായ ലബ്ബർ പന്തിലും സ്വാസിക ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സ്വാസിക അവതരിപ്പിച്ചത് യശോധ എന്ന കഥാപാത്രം ആരാധകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.
അരുവി, തീരന്‍ അധികാരം ഒണ്‍ട്ര്, കൈതി, സുല്‍ത്താന്‍, ഒകെ ഒരു ജീവിതം തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളുടെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്‍ എന്റര്‍ടൈനര്‍ എന്നതിലുപരി ഹാസ്യത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണിതെന്ന് സംവിധായകന്‍ ആര്‍.ജെ. ബാലാജി സൂചിപ്പിച്ചിരുന്നു. സൂര്യയുടെ കരിയറിലെ 45-ാം ചിത്രമാണ് ഇത്. എന്നാൽ ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.
ചിത്രം 2025 രണ്ടാം പകുതിയിൽ സൂര്യ 45 റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ. ഒരു ഗ്രാമീണ കഥയാണ് ചിത്രം പറയുന്നത് എന്നാണ് വിവരം. അതേ സമയം വലിയൊരിടവേളക്ക് ശേഷം തൃഷ സൂര്യക്കൊപ്പം ഒന്നിക്കുന്നു എന്ന വാർത്തകളും നേരത്തെ പുറത്ത് വന്നിരുന്നു. മുന്‍പ് ആറു എന്ന ചിത്രത്തിലാണ് സൂര്യയുടെ നായികയായി തൃഷ എത്തിയിരുന്നത്. ഈ ചിത്രം വിജയമായിരുന്നു. മൂക്കുത്തി അമ്മൻ, വീട്ട് വിശേഷങ്ങൾ എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് ആർജെ ബാലാജി.
ആക്ഷൻ-കോമഡി വിഭാഗത്തിൽ പെടുന്നതായിരിക്കും ചിത്രം എന്നാണ് റിപ്പോർട്ടുകൾ. സംഗീതം നൽകുന്നത് എആര്‍ റഹ്മാന്‍ ആയിരിക്കും. മുമ്പ് നടൻ സൂര്യ അഭിനയിച്ച സില്ലിന് ഒരു കാതൽ, ആയുധ എഴുത്ത് തുടങ്ങിയ ചിത്രങ്ങളിൽ എആര്‍ റഹ്മാന്റെ സംഗീതം ആയിരിന്നു. ചിത്രത്തിന്റെ അപ്ഡേറ്റ് വന്നപ്പോൾ തന്നെ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുകയാണ്.