പ്രമോഷൻ പരിപാടിക്കിടെ നടി സംയുക്തയുടെ കയ്യിൽ ഒരു 'പാട്'; അയ്യോ..എന്തുപറ്റിയെന്ന് ആരാധകർ; ഒടുവിൽ മറഞ്ഞിരുന്ന ആ രഹസ്യം പുറത്ത്

Update: 2026-02-13 12:26 GMT

ടൊവിനോ തോമസ് നായകനായ 'തീവണ്ടി' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് സംയുക്ത. ലില്ലി, കൽക്കി, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ തിളങ്ങിയ താരം ഇന്ന് തെലുങ്ക് സിനിമാ ലോകത്തെ തിരക്കുള്ള നായികമാരിൽ ഒരാളാണ്. സംയുക്തയുടെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'സ്വയംഭൂ'വിന്റെ ഓഡിയോ ലോഞ്ചിനിടെ പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചകൾക്ക് വഴിമാറുന്നത്.

ചടങ്ങിൽ സംയുക്ത പങ്കെടുത്തപ്പോൾ താരത്തിന്റെ കൈകളിൽ പരിക്കേറ്റതിന്റെ പാടുകളും ബാൻഡേജുകളും വ്യക്തമായിരുന്നു. ഒരു ആക്ഷൻ-പീരിയഡ് ഡ്രാമയായി ഒരുങ്ങുന്ന 'സ്വയംഭൂ'വിന്റെ ചിത്രീകരണത്തിനിടെ സംഭവിച്ച പരിക്കുകളാവാം ഇതെന്നാണ് ആരാധകർ വിലയിരുത്തുന്നത്. ചിത്രത്തിൽ ഒരു പോരാളിയുടെ കരുത്തുറ്റ കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള കഠിനമായ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാവാം താരത്തിന് പരിക്കേറ്റതെന്ന കമന്റുകൾ ചിത്രങ്ങൾക്ക് താഴെ നിറയുന്നുണ്ട്. എന്നാൽ പരിക്കിനെക്കുറിച്ച് സംയുക്ത ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നിഖിൽ സിദ്ധാർത്ഥ നായകനായി എത്തുന്ന ചിത്രമാണ് 'സ്വയംഭൂ'. ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിനായി സംയുക്ത വലിയ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. കുതിരസവാരിയും ആയുധമുറകളും ഉൾപ്പെടെയുള്ള പരിശീലനങ്ങളുടെ ചിത്രങ്ങൾ താരം നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രങ്ങളിൽ ഒന്നാകും ഇതെന്ന് സംയുക്ത നേരത്തെ സൂചിപ്പിച്ചിരുന്നു.

തെലുങ്കിൽ പുറത്തിറങ്ങിയ ഭീംല നായക്, ബിംബിസാര, വിരുപാക്ഷ തുടങ്ങിയ ചിത്രങ്ങൾ വലിയ വിജയമായതോടെ തെന്നിന്ത്യൻ സിനിമയിൽ സംയുക്തയുടെ ഗ്രാഫ് ഉയരുകയാണ്. 'സ്വയംഭൂ'വിലൂടെ താരം ആക്ഷൻ രംഗങ്ങളിലും തന്റെ മികവ് തെളിയിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

Tags:    

Similar News