'ഡബ്സിയുടെ ആലാപനം പോരാ..'; മാറ്റാൻ ആരാധകരുടെ അഭ്യര്‍ഥന; ഉണ്ണി മുകുന്ദന്റെ 'മാർക്കോ' യുടെ ആദ്യ ഗാനത്തിന് പുതിയ ഗായകൻ; സന്തോഷ് വെങ്കി പാടിയ ഗാനം പുറത്ത്

Update: 2024-11-24 04:26 GMT

കൊച്ചി: റിലീസിന് മുന്നേ തന്നെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് 'മാർക്കോ'. ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ആരാധകർക്ക് മുന്നിലെത്തുന്നത്. 22നാണ് ചിത്രത്തിന്റെ ആദ്യ ഗാനം പുറത്ത് വന്നത് എന്നാൽ റിലീസ് ആയി മണിക്കൂറുകൾക്കകം ഗാനം യൂട്യൂബ് ബാൻ ചെയ്യുകയായിരുന്നു. എക്സ്ട്രീം വയലൻസ് ആണെന്ന് ചൂണ്ടി കാട്ടിയായിരുന്നു നീക്കം ചെയ്തത്. എന്നാൽ മാറ്റങ്ങൾ വരുത്തി ഗാനം വീണ്ടും അപ്‌ലോഡ് ചെയ്തിരുന്നു. 'ബ്ലഡ്' എന്ന ഫസ്റ്റ് സിംഗിള്‍ പാടിയത് ഡബ്സി ആയിരുന്നു.

എന്നാൽ ചിത്രത്തിലെ ആദ്യ ഗാനത്തിന്‍റെ ഗായകനെ നിര്‍മ്മാതാക്കള്‍ മാറ്റി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍റൂര്‍ ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്. എന്നാല്‍ ആദ്യ ഗാനത്തിന്‍റെ യുട്യൂബ് വീഡിയോയ്ക്ക് താഴെ ഡബ്സിയുടെ ആലാപനം പോരെന്നും ഈ ഗാനത്തിന് ചേരുന്ന ആലാപന ശൈലി അല്ലെന്നുമൊക്കെയുള്ള കമന്‍റുകള്‍ ധാരാളമായി എത്തി.

തുടര്‍ന്നാണ് ഇതേ ഗാനം മറ്റൊരു ഗായകനെക്കൊണ്ട് പാടിക്കുമെന്ന് അറിയിച്ച് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയത്. കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലെ ആലാപനം കൊണ്ട് ശ്രദ്ധ നേടിയ സന്തോഷ് വെങ്കിയെക്കൊണ്ട് ഇതേ ഗാനം പാടിച്ച് പുറത്തിറക്കുമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ അറിയിപ്പ്. ഇപ്പോഴിതാ സന്തോഷ് വെങ്കി പാടി ഗാനം പുറത്തിറക്കിയിട്ടുമുണ്ട്.

അതേസമയം, സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിൽ ഏഴ് സംഘട്ടന രംഗങ്ങളാണുള്ളത്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്.

Tags:    

Similar News