റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളായിരിക്കെ തർക്കങ്ങളുണ്ടായി; പിന്നാലെ ആ താരത്തിന്റെ ആരാധകരില്‍നിന്ന് വധഭീഷണിയും ബലാത്സംഗ ഭീഷണിയും നേരിട്ടു; വെളിപ്പെടുത്തലുമായി നടി

Update: 2025-10-06 10:55 GMT

മുംബൈ: ഭോജ്പുരി നടൻ്റെ ആരാധകരിൽ നിന്ന് തനിക്ക് വധഭീഷണിയും ബലാത്സംഗ ഭീഷണിയും നേരിടേണ്ടി വന്നുവെന്ന് നടി അഹാന കുമ്ര. ഒരു റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളായിരുന്ന താനും നടൻ പവൻ സിംഗും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, അത് വേദിയിൽ വെച്ച് പരിഹരിച്ചതാണെന്നും നടി വെളിപ്പെടുത്തി. എന്നാൽ, ഷോയിൽ നിന്ന് പുറത്തായതിന് പിന്നാലെ പവൻ സിംഗിൻ്റെ ആരാധകർ തനിക്ക് നേരെ നിരന്തരമായ ഉപദ്രവങ്ങൾ തുടങ്ങിയെന്നും, ഇതിൻ്റെ തെളിവുകൾ ഷോയുടെ നിർമ്മാതാക്കൾക്ക് കൈമാറിയതായും അഹാന കുമ്ര പറഞ്ഞു.

ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലാണ് അഹാന തൻ്റെ അനുഭവം തുറന്നുപറഞ്ഞത്. ഷോയിൽ താൻ ആരെയും അധിക്ഷേപിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നും, ഒരു കാര്യം പറഞ്ഞതിന് ഇത്രയേറെ ഭീഷണികൾ നേരിടേണ്ടി വന്നുവെന്നും അവർ വ്യക്തമാക്കി. "നമ്മൾ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്?" എന്ന് നടി ചോദിച്ചു.

റിയാലിറ്റി ഷോയ്ക്കിടെ പവൻ സിംഗിൻ്റെ ആരാധകർക്ക് ഇഷ്ടപ്പെടാത്ത എന്തോ ഒന്ന് താൻ പറഞ്ഞിരുന്നെങ്കിലും, ആ വിഷയം സൗഹാർദ്ദപരമായി വേദിയിൽ വെച്ച് പരിഹരിച്ചിരുന്നുവെന്ന് കുമ്ര വിശദീകരിച്ചു. പല മത്സരാർത്ഥികളും തന്നെക്കുറിച്ച് പലതും പറഞ്ഞിട്ടുണ്ടെങ്കിലും, പവൻ സിംഗ് മാത്രമാണ് മാപ്പ് പറഞ്ഞിട്ടുള്ളതെന്നും, അതിനാൽ അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ടെന്നും നടി കൂട്ടിച്ചേർത്തു. 'സലാം വെങ്കി' എന്ന ചിത്രത്തിലാണ് അഹാന കുമ്ര അവസാനമായി വേഷമിട്ടത്. കജോൾ, വിശാൽ ജെത്‌വ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. 

Tags:    

Similar News