'ഒരുത്തൻ കാട്ടുതീ ആണെങ്കിൽ മറ്റവൻ കൊടുങ്കാറ്റ്'; ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസ\ൻ പ്രധാന വേഷങ്ങളിൽ; ആക്ഷൻ എന്റർടെയ്നർ 'അതിരടി'യുടെ ടൈറ്റിൽ ടീസർ പുറത്ത്

Update: 2025-10-18 11:32 GMT

കൊച്ചി: ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'അതിരടി' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. ഒരു പക്ക മാസ്സ് എന്റർടെയ്നർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് അരുൺ അനിരുദ്ധൻ ആണ്. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്‌സിന്റെയും ഡോ. അനന്തു എന്റർടെയ്ൻമെന്റ്‌സിന്റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

ടൈറ്റിൽ ടീസർ വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. മാസ്സ് ഗെറ്റപ്പിൽ ബേസിൽ ജോസഫും ടൊവിനോ തോമസും ടീസറിൽ പ്രത്യക്ഷപ്പെടുന്നു. 'ഒരുത്തൻ കാട്ടുതീ ആണെങ്കിൽ മറ്റവൻ കൊടുങ്കാറ്റ്' എന്ന സംഭാഷണത്തോടെ, തിയേറ്ററുകളെ ഇളക്കിമറിക്കുന്ന ഒരു ആക്ഷൻ എന്റർടെയ്നർ ആയിരിക്കും 'അതിരടി' എന്ന് സൂചന നൽകുന്നു. 'അതിരടി' എന്ന ടാഗ്‌ലൈൻ, വരാൻ പോകുന്നത് വെറും അടി മാത്രമല്ല, അതിരടി ആയിരിക്കും എന്ന് അടിവരയിടുന്നു.

'മിന്നൽ മുരളി'യുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ ആദ്യ സംവിധാന സംരംഭമാണ് 'അതിരടി'. കൂടാതെ, 'മിന്നൽ മുരളി'ക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും സമീർ താഹിറും അരുൺ അനിരുദ്ധനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സമീർ താഹിറും ടൊവിനോ തോമസും ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാരാണ്. പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Full View

ടീസറിൽ മൂന്ന് പ്രധാന കഥാപാത്രങ്ങളും കാഴ്ചയിലും സ്വഭാവത്തിലും വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്നവരാണെന്ന് വ്യക്തമാക്കുന്നു. ബ്രഹ്‌മാണ്ഡ തെന്നിന്ത്യൻ ചിത്രങ്ങളുടെ ടൈറ്റിൽ അനൗൺസ്‌മെന്റ് ടീസറുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് 'അതിരടി'യുടെ ടീസർ ഒരുക്കിയിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളിലും ടീസർ പുറത്തിറങ്ങിയിട്ടുണ്ട്. ഒക്ടോബർ അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

Tags:    

Similar News