'കുറഞ്ഞ ബജറ്റിൽ എങ്ങനെ ഇത്രയും വലിയ ചിത്രം ഒരുക്കാൻ കഴിഞ്ഞു'; ബോളിവുഡ് സൂപ്പർ താരങ്ങളുടെ പ്രൊഡക്ഷൻ കമ്പനികൾ സമീപിച്ചിരുന്നു; 'തുടരും' ഹിന്ദിയിലേക്ക്?; സൂചന നൽകി തരുൺ മൂർത്തി
കൊച്ചി: മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ 'തുടരും' എന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി സംവിധായകൻ തരുൺ മൂർത്തി. ബോളിവുഡ് സൂപ്പർതാരം അജയ് ദേവ്ഗൺ നായകനായേക്കുമെന്നും അദ്ദേഹം സൂചന നൽകി. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ഈ ത്രില്ലർ ചിത്രം ആഗോളതലത്തിൽ 232.60 കോടി രൂപ നേടിയിരുന്നു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തരുൺ മൂർത്തി ഈ വിവരങ്ങൾ പങ്കുവെച്ചത്. ആമിർ ഖാന്റെയും അജയ് ദേവ്ഗണിന്റെയും പ്രൊഡക്ഷൻ കമ്പനികൾ തന്നെ സമീപിച്ചിരുന്നുവെന്നും, കുറഞ്ഞ ബജറ്റിൽ എങ്ങനെ ഇത്രയും വലിയ ചിത്രം ഒരുക്കാൻ കഴിഞ്ഞു എന്നതിലായിരുന്നു അവർക്ക് പ്രധാനമായും താൽപ്പര്യമെന്നും അദ്ദേഹം പറഞ്ഞു. അജയ് ദേവ്ഗണിന് സ്റ്റണ്ട് പശ്ചാത്തലമുള്ളതിനാലും, അദ്ദേഹത്തിന്റെ പിതാവ് ഒരു സ്റ്റണ്ട് മാസ്റ്ററായിരുന്നതിനാലും അദ്ദേഹത്തെ നായകനാക്കി ചിത്രം റീമേക്ക് ചെയ്യാനാണ് സാധ്യതകൾ തേടുന്നത്. എന്നാൽ ചർച്ചകൾ ഇതുവരെ അന്തിമഘട്ടത്തിൽ എത്തിയിട്ടില്ലെന്നും തരുൺ മൂർത്തി കൂട്ടിച്ചേർത്തു.
ഹിന്ദി റീമേക്ക് താൻ തന്നെ സംവിധാനം ചെയ്യണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, തുടർച്ചയായുള്ള ചലച്ചിത്ര പ്രൊജക്റ്റുകൾ കാരണം എപ്പോൾ അതിന് സമയം കണ്ടെത്താൻ കഴിയുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം അറിയിച്ചു. ഹിന്ദിക്ക് പുറമെ തെലുങ്കിൽ നിന്നും 'തുടരും' റീമേക്ക് ചെയ്യാനുള്ള അന്വേഷണങ്ങൾ വരുന്നുണ്ട്.
കേരള ബോക്സ് ഓഫീസിൽ 100 കോടി കടന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ 'തുടരും', സംസ്ഥാനത്ത് നിന്ന് മാത്രം 118.75 കോടിയിലധികം രൂപ കളക്ഷൻ നേടി. വിദേശ മാർക്കറ്റിൽ നിന്ന് 94.35 കോടി രൂപയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം നിലവിൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുകയാണ്. ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം ഒരു അസാധാരണ സംഭവത്തിൽ കുടുങ്ങുന്നതും അതിൽ നിന്ന് രക്ഷപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.