'കേരളത്തിലെ എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തു, എല്ലാ സ്നേഹത്തിനും നന്ദി..'; 200 കോടി നേട്ടത്തിന് പിന്നാലെ നന്ദി പറഞ്ഞ് മോഹൻലാൽ; ബോക്സ് ഓഫീസിലും ഒറ്റയാനായി 'തുടരും'
കൊച്ചി: തരുൺ മൂർത്തി-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന 'തുടരും' എന്ന ചിത്രം പ്രദർശനത്തിനെത്തിയ ദിവസം മുതൽ മികച്ച പ്രതികരണമാണ് നേടിയത്. വളരെ കാലങ്ങൾക്ക് ശേഷം മോഹൻലാൽ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം തീയറ്ററിൽ കാണാൻ സാധിച്ചതിന്റെ ആവേശം ചിത്രത്തിന്റെ ബോക്സ് ഓഫീസ് വലിയ നേട്ടമാണുണ്ടാക്കിയത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി മോഹൻലാൽ എന്ന നടനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. എന്നാൽ തുടരും എന്ന ഈ ചിത്രം വിമർശനങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു. ഇപ്പോഴിതാ ചിത്രം 200 കോടി ക്ലബ്ബിലെത്തിയ വിവരം പങ്ക് വെച്ചിരിക്കുകയാണ് മോഹൻലാൽ.
'ചില യാത്രകൾക്ക് ആരവങ്ങളല്ല വേണ്ടത്, മുന്നോട്ട് കൊണ്ടുപോകാനുള്ള മനസ് മാത്രം. കേരളത്തിലെ എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തുകൊണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ തുടരും അതിൻ്റെ സ്ഥാനം കണ്ടെത്തി. എല്ലാ സ്നേഹത്തിനും നന്ദി", എന്നാണ് 200 കോടി സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചത്. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും വെറും 17 ദിവസം കൊണ്ടാണ് 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുന്നത്.
രണ്ടുമാസത്തിനിടെ 200 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമായി തുടരും. മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ എമ്പുരാനും 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ തമിഴ് പതിപ്പും തീയേറ്ററുകളിൽ എത്തിയിരുന്നു. ചിത്രത്തിന്റെ തമിഴ് ഡബ്ബിങ് നന്നായിരിക്കുന്നെന്നും അഭിപ്രായങ്ങളുണ്ട്.