ഇനി പരമേശ്വരന്റെ ഊഴം; റീ റിലീസിനൊരുങ്ങി മറ്റൊരു മോഹൻലാൽ ചിത്രം; 27 വർഷങ്ങൾക്ക് ശേഷം 'ഉസ്താദ്' വീണ്ടുമെത്തുന്നു

Update: 2025-10-15 16:37 GMT

കൊച്ചി: മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ നായകനായി അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം 'ഉസ്താദ്' 27 വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നു. 1999-ൽ പുറത്തിറങ്ങിയ ഈ ആക്ഷൻ ത്രില്ലർ ചിത്രം 4K ദൃശ്യ നിലവാരത്തിലും ഡോൾബി അറ്റ്‌മോസ് ശബ്ദ മികവോടെയുമാണ് പുനരവതരിപ്പിക്കുന്നത്. 2026 ഫെബ്രുവരിയിൽ ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

'റിപ്പീറ്റ് വാല്യൂ' ഉള്ള മോഹൻലാൽ ചിത്രങ്ങൾ വീണ്ടും റീ റിലീസ് ചെയ്യപ്പെട്ട് വിജയമാകുന്ന പ്രവണതയാണ് 'ഉസ്താദി'ൻ്റെ ഈ പുനരവതരണത്തിന് പിന്നിൽ. 'സ്ഫടികം', 'ദേവദൂതൻ', 'ഛോട്ടാ മുംബൈ', 'മണിച്ചിത്രത്താഴ്', 'രാവണപ്രഭു' തുടങ്ങിയ ചിത്രങ്ങളുടെ റീ റിലീസ് വിജയങ്ങൾ ഇതിന് ഉദാഹരണമാണ്.

രഞ്ജിത്ത് തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ, സഹോദരിയെ ജീവനുതുല്യം സ്നേഹിക്കുന്ന പരമേശ്വരൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ചിത്രത്തിൽ പരമേശ്വരന് പുറമെ, അധോലോക നായകനായ 'ഉസ്താദ്' എന്നൊരു വേഷവും മോഹൻലാൽ കൈകാര്യം ചെയ്യുന്നുണ്ട്. ദിവ്യ ഉണ്ണി മോഹൻലാലിൻ്റെ സഹോദരിയായി അഭിനയിച്ചു. ഇന്ദ്രജ, വാണി വിശ്വനാഥ്, വിനീത്, ഇന്നസെൻ്റ്, ജനാർദ്ദനൻ, സായികുമാർ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു.

ഷാജി കൈലാസും രഞ്ജിത്തും ചേർന്നാണ് ചിത്രത്തിൻ്റെ നിർമാണം നിർവഹിച്ചത്. ജാഗ്വാർ സ്റ്റുഡിയോസിൻ്റെ ബാനറിൽ ബി. വിനോദ് ജെയിൻ ആണ് ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തിക്കുന്നത്. 'ദേവദൂതൻ', 'ഛോട്ടാ മുംബൈ' തുടങ്ങിയ ചിത്രങ്ങളുടെ 4K റീമാസ്റ്ററിംഗ് ചെയ്ത ഹൈ സ്റ്റുഡിയോസ് ആണ് 'ഉസ്താദി'ൻ്റെയും സാങ്കേതികപരമായ ജോലികൾക്ക് പിന്നിൽ. വിദ്യാസാഗർ, തേജ് മെറിൻ എന്നിവർ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Tags:    

Similar News