മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം; 'വാരാണാസി'യുടെ റിലീസ് തീയതി പുറത്ത്; ഹിറ്റ്‌മേക്കറുടെ വിസ്മയക്കാഴ്ചകൾക്കായി ആകാംഷയോടെ ആരാധകർ
ഹൈദരാബാദ്: ബാഹുബലി, ആർആർആർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രം 'വാരാണസി' 2027 ഏപ്രിൽ 7-ന് തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഗംഭീര ചടങ്ങിൽ നേരത്തെ പുറത്തുവിട്ടിരുന്നു. 130x100 അടി വലുപ്പമുള്ള പ്രത്യേക സ്ക്രീനിൽ പ്രദർശിപ്പിച്ച ടീസർ വൻ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
ഏകദേശം അറുപതിനായിരത്തിൽപ്പരം കാഴ്ചക്കാർ പങ്കെടുത്ത ചടങ്ങിൽ, കാളപ്പുറത്തേറി മഹേഷ് ബാബുവിന്റെ മാസ് എൻട്രി കാണികളെ ആവേശത്തിലാക്കി. ടീസറിന്റെ അവസാനം ത്രിശൂലവുമേന്തി കാളപ്പുറത്തേറി വരുന്ന രുദ്ര എന്ന മഹേഷ് ബാബുവിന്റെ കഥാപാത്രം കയ്യടി നേടി. മഹേഷ് ബാബുവിനൊപ്പം പ്രിയങ്ക ചോപ്രയും പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
കെ.എൽ. നാരായണ, എസ്.എസ്. കാർത്തികേയ എന്നിവർ ചേർന്ന് ശ്രീ ദുർഗ ആർട്സ്, ഷോവിംഗ് ബിസിനസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. കീരവാണിയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പിആർഒ, മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ പ്രചാരണ ചുമതലകൾ നിർവഹിക്കുന്നത്. സിഇ 512-ലെ വാരാണസിയിൽ തുടങ്ങി 2027-ൽ ഭൂമിയെ ലക്ഷ്യമാക്കിയെത്തുന്ന ശാംഭവി എന്ന ഛിന്നഗ്രഹത്തെയും ടീസർ പരിചയപ്പെടുത്തുന്നു.
അന്റാർട്ടിക്കയിലെ റോസ് ഐസ് ഷെൽഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികർണികാ ഘട്ട് തുടങ്ങി വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളാണ് ടീസറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഐമാക്സ് ഫോർമാറ്റിൽ ഒരുങ്ങുന്ന ചിത്രം തിയേറ്ററുകളിൽ മികച്ച കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പാണ്