പ്രഖ്യാപനങ്ങള്‍ ഇല്ലാതെ തങ്കലാന്‍; ചിത്രം ഒടിടിയില്‍; നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു

Update: 2024-12-10 10:34 GMT

ചിയാന്‍ വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ പാ രഞ്ജിത് ഒരുക്കിയ ചിത്രമാണ് 'തങ്കലാന്‍'. ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തിലെത്തിയ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പാ രഞ്ജിത്തും തമിഴ് പ്രഭയും ചേര്‍ന്നാണ്. ആഗസ്റ്റ് 15ന് തിയേറ്ററിലെത്തിയ സിനിമക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഏറെ മാസത്തെ കാത്തിരിപ്പിന് ശേഷം സിനിമയുടെ ഒടിടി അപ്‌ഡേറ്റ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. പ്രഖ്യാപനങ്ങള്‍ ഇല്ലാതെയാണ് ചിത്രം ഒടിടിയിലേക്ക് എത്തിയത്.

തങ്കലാന്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നെറ്റ്ഫ്‌ലിക്‌സിലൂടെ ഇന്ന് അര്‍ധരാത്രി മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം ലഭ്യമാണ്. സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, പാ. രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം ബ്രിട്ടീഷ് ഭരണകാലത്ത് കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയത്. തമിഴില്‍ കൂടാതെ തെലുങ്ക്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

ബോക്‌സ് ഓഫീസില്‍ നിന്ന് 70 കോടിയോളം മാത്രമാണ് തങ്കലാന് നേടാനായത്. ചിത്രത്തിലെ വിക്രമിന്റെ പ്രകടനത്തിന് നല്ല അഭിപ്രായങ്ങളായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. പാര്‍വതി തിരുവോത്ത്, മാളവികാ മോഹനന്‍, പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തില്‍ ഇംഗ്ലീഷ് നടന്‍ ഡാനിയേല്‍ കാല്‍ടാഗിറോണും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജി.വി.പ്രകാശ് കുമാറിന്റേതാണ് സംഗീതം. എസ്.എസ്. മൂര്‍ത്തിയാണ് കലാ സംവിധാനം. കെ.യു. ഉമാദേവി, അരിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍. ആക്ഷന്‍ കൊറിയോഗ്രഫി സ്ടന്നെര്‍ സാം.

Tags:    

Similar News