ഒടുവിൽ കാത്തിരിപ്പിന് വിരാമം..; 'വിലായത്ത് ബുദ്ധ' റിലീസ് തീയതി പ്രഖ്യാപിച്ചു; വമ്പൻ ആവേശത്തിൽ ആരാധകർ
പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന 'വിലായത്ത് ബുദ്ധ' എന്ന ചിത്രം നവംബർ 21ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം, മറയൂരിലെ ചന്ദനക്കാടുകളിൽ ജീവിക്കുന്ന ഒരു ചന്ദന മോഷ്ടാവായ 'ഡബിൾ മോഹൻ' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിക്കുന്ന ചിത്രം, 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ വിജയ ചിത്രങ്ങൾക്ക് ശേഷം ഈ നിർമ്മാണ കമ്പനി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ്. എ.വി. അനൂപിനൊപ്പം ചേർന്ന് എ.വി.എ പ്രൊഡക്ഷൻസും ചിത്രത്തിൻ്റെ നിർമ്മാണ പങ്കാളികളാണ്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ഉദ്വേഗജനകമായ ത്രില്ലർ ചിത്രമാണ് 'വിലായത്ത് ബുദ്ധ' എന്ന് ഇതിനോടകം പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുകളും സൂചിപ്പിക്കുന്നു.