ഒരിടവേളയ്ക്ക് ശേഷം ഫെസ്റ്റിവല്‍ റിലീസുമായി മമ്മൂട്ടി; ഇടിക്കൂട്ടിലെ തമാശകളില്‍ പ്രതീക്ഷയോടെ നെസ്ലനും കൂട്ടരും; വിജയം ആവര്‍ത്തിച്ച് മരണമാസ്സാകാന്‍ ബേസില്‍ ജോസഫ്; ചെക്ക് വെക്കാന്‍ മാസ് ആക്ഷന്‍ എന്റര്‍ടെയ്നറുമായി തമിഴില്‍ നിന്ന് 'തലയും'; വിഷുക്കാലം ആഘോഷമാക്കാന്‍ നാല് ചിത്രങ്ങള്‍ നാളെയെത്തും

വിഷുക്കാലം ആഘോഷമാക്കാന്‍ നാല് ചിത്രങ്ങള്‍ നാളെയെത്തും

Update: 2025-04-09 08:18 GMT

തിരുവനന്തപുരം:വിവാദങ്ങള്‍ ഉണ്ടായെങ്കിലും തിയേറ്ററുകളുടെ രക്ഷകനായി മാറിയ എമ്പുരാന്‍ ഉണ്ടാക്കിയ ആവേശം കെട്ടടങ്ങും മുന്നെ തിയേറ്ററുകള്‍ക്ക് ചാകരയുമായി വിഷുക്കാലം.മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെത് ഉള്‍പ്പടെ മലയാളത്തില്‍ നിന്ന് 3 ചിത്രവും തല അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയുമാണ് വിഷുക്കാലത്ത് തിയേറ്ററുകളെ തീപിടിപ്പിക്കാന്‍ എത്തുന്നത്. മമ്മൂട്ടിയുടെ'ബസൂക്ക',നസ്ലെന്റെയും ടീമിന്റെയും 'ആലപ്പുഴ ജിംഖാന', ബേസില്‍ ജോസഫിന്റെ 'മരണമാസ്' എന്നിവയെല്ലാം ഈ വര്‍ഷത്തെ വിഷു റിലീസാണ്.കൂടാതെ തമിഴില്‍ നിന്ന് അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയും വിഷുവിനെത്തും.നാല് ചിത്രങ്ങളും ഒരേ ദിവസമെത്തുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

മാര്‍ച്ച് അവസാനവാരം തിയേറ്ററുകളിലെത്തിയ, മോഹന്‍ലാലിന്റെ 'എല്‍ 2 എമ്പുരാന്‍' ഇപ്പോഴും ബോക്സ് ഓഫീസില്‍ വിജയകുതിപ്പു തുടരുമ്പോഴാണ് ഈ ചിത്രങ്ങള്‍ കൂടിയെത്തുന്നത്.ഇതോടെ തങ്ങള്‍ക്ക് വലിയൊരളവില്‍ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് തിയേറ്റര്‍ ഉടമകളും.അഞ്ചോളം ചിത്രങ്ങള്‍ ഒരേ സമയം തിയേറ്ററില്‍ മത്സരിക്കുമ്പോള്‍ ചിത്രങ്ങളെക്കുറിച്ചറിയാം

ബസൂക്ക

തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകനായ ഡിനോ ഡെന്നീസ് ആദ്യമായി തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് ബസൂക്ക.ഗെയിം ത്രില്ലറായാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.സംവിധായകനും നടനുമായ ഗൗതം മേനോനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് ഇതിനോടകംതന്നെ ചര്‍ച്ചയായിട്ടുണ്ട്.സിദ്ധാര്‍ഥ് ഭരതന്‍, ഷൈന്‍ ടോം ചാക്കോ, ഡീന്‍ ഡെന്നീസ്, സുമിത് നേവല്‍ (ബിഗ് ബി ഫെയിം), ദിവ്യാപിള്ള, ഐശ്വര്യാ മേനോന്‍, സ്ഫടികം ജോര്‍ജ്ജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

റിലീസിങ്ങ് ടീസര്‍ ഉള്‍പ്പടെ 2 ടീസറും 1 ട്രെയ്ലറും ചിത്രത്തിന്റെതായി ഇതിനോടകം പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു.തിയേറ്റര്‍ ഓഫ് ഡ്രീംസ് ഇന്‍ അസോസിയേഷന്‍ വിത്ത് സരിഗമയുടെ ബാനറില്‍ പ്രശസ്ത തിരക്കഥാകൃത്ത് ജിനു.വി. എബ്രഹാം,ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.സയ്ദ് അബ്ബാസാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നിമേഷ് രവിയാണ് ഛായാഗ്രഹണം. ഏപ്രില്‍ പത്തിന് ചിത്രം തിയേറ്ററുകളിലെത്തും.

ആലപ്പുഴ ജിംഖാന

'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്റെ സംവിധാനത്തില്‍ നസ്ലിന്‍ ഗഫൂര്‍ നായകനായി ഒപ്പം വലിയൊരു യുവതാരനിരയും അണിനിരക്കുന്ന ചിത്രമാണ് 'ആലപ്പുഴ ജിംഖാന'.ഈ കൂട്ടുകെട്ട് തന്നെയാണ് ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന പ്രധാന കാരണവും. നസ്ലിന് പുറമേ ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ് തുടങ്ങിയ താരങ്ങളുടെ ഗെറ്റപ്പും ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.അനഘ രവി,ഫ്രാങ്കോ ഫ്രാന്‍സിസ്,ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു.

'ആലപ്പുഴ ജിംഖാന' നിര്‍മ്മിക്കുന്നത് പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ്. പ്ലാന്‍ ബി മോഷന്‍ പിക്‌ചേര്‍സിന്റെ ആദ്യ നിര്‍മ്മാണസംരംഭമാണിത്.ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്‌സിന്‍ പരാരി, വസ്ത്രാലങ്കാരം: മാഷര്‍ ഹംസ, വി എഫ് എക്‌സ്: ഡിജി ബ്രിക്‌സ്, മേക്കപ്പ്: റോണക്‌സ് സേവിയര്‍, ആക്ഷന്‍ കോറിയോഗ്രാഫി: ജോഫില്‍ ലാല്‍, കലൈ കിംഗ്‌സണ്‍, ആര്‍ട്ട് ഡയറക്ടര്‍: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടര്‍: ലിതിന്‍ കെ ടി, ലൈന്‍ പ്രൊഡ്യൂസര്‍: വിഷാദ് കെ എല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍. വിതരണം: സെന്‍ട്രല്‍ പിക്ചര്‍സ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്.

മരണമാസ്

ഡാര്‍ക്ക് ഹ്യൂമര്‍ ജോണറിലുള്ള ഒരു ചിത്രമാണ് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണമാസ്'.മിന്നല്‍ മുരളിക്കുശേഷം ടൊവിനോയും ബേസിലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മരണമാസിനുണ്ട്.ഇത്തവണ ടൊവിനോ നിര്‍മാതാവിന്റെ കുപ്പായമണിയുമ്പോള്‍ ബേസിലാകട്ടെ നായകനായി ക്യാമറയ്ക്ക് മുന്നിലെത്തുന്നു.നടന്‍ സിജു സണ്ണിയാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്.സംവിധായകന്‍ ശിവപ്രസാദും തിരക്കഥാകൃത്തുക്കളില്‍ ഒരാളായുണ്ട്.

മറ്റുരണ്ടു ചിത്രങ്ങളിലേത് പോലെ തന്നെ നായകന്റെ ഗെറ്റ്അപ്പാണ് ഇവിടെയും ചര്‍ച്ചയാകുന്നത്.ചിത്രത്തിലെ ബേസിലിന്റെ പ്രത്യേക ഗെറ്റപ്പ് ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു.ബാബു ആന്റണി, സുരേഷ് കൃഷ്ണ, സിജു സണ്ണി, രാജേഷ് മാധവന്‍, പുലിയനം പൗലോസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അനിഷ്മ അനില്‍കുമാറാണ് നായിക.

ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നീ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴാലിപ്പറമ്പില്‍, തന്‍സീര്‍ സലാം, ടിങ്സ്റ്റണ്‍ തോമസ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രില്‍ പത്തിന് തന്നെയാണ് മരണമാസും റിലീസ് ചെയ്യുന്നത്.

ഗുഡ് ബാഡ് അഗ്ലി

മലയാളത്തില്‍ നിന്ന് എമ്പുരാന്‍ ഉള്‍പ്പടെ നാല് സിനിമകള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ പോര് കൊഴുപ്പിക്കാനെന്നവണ്ണം തമിഴില്‍ നിന്നുള്ള എന്‍ട്രിയാണ് അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി.തുടക്കത്തില്‍ തന്നെ നല്ല പ്രതീക്ഷയുണ്ടായിരുന്ന ചിത്രം ട്രെയ്ലറിന്റെ വരവോടെ പ്രതീക്ഷകള്‍ വാനോളമാക്കിയിട്ടുണ്ട്.

മാര്‍ക്ക് ആന്റണി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ആധിക് രവിചന്ദ്രന്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി.വിടാമുയര്‍ച്ചി എന്ന ഈ വര്‍ഷംതന്നെയിറങ്ങിയ ചിത്രത്തിന്റെ ക്ഷീണം മാറ്റാനും ബോക്സോഫീസില്‍ പുതിയ ചരിത്രമെഴുതാനും ലക്ഷ്യമിട്ടാണ് അജിത് ഗുഡ് ബാഡ് അഗ്ലിയുമായി കേരളത്തിലെത്തുന്നത്.അജിത്തിന്റെ കരിയറിലെ വന്‍ ഹിറ്റുകളായ മങ്കാത്ത, ദീന, ബില്ല തുടങ്ങിയ ചിത്രങ്ങളുടെ റഫറന്‍സുകള്‍ നിറഞ്ഞ ട്രെയിലര്‍ ഇതിനകം തന്നെ ട്രെന്റിംഗായി മാറിയിട്ടുണ്ട്.

മൈത്രി മൂവി മേക്കേഴ്‌സും ടീ സീരീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ജുന്‍ ദാസ്, സുനില്‍, പ്രസന്ന, റെഡിന്‍ കിംഗ്സ്ലി, ഷൈന്‍ ടോം ചാക്കോ, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യര്‍, സിമ്രാന്‍ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളില്‍. അഭിനന്ദന്‍ രാമാനുജനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജിവി പ്രകാശാണ് സംഗീതം.തമിഴ്നാട്ടില്‍ സമ്മര്‍ റിലീസായാണ് ചിത്രമെത്തുന്നതെങ്കിലും കേരളത്തില്‍ ഏപ്രില്‍ പത്തിനുതന്നെയാണ് ഈ അജിത് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ടെങ്കിലും എ.കെ ചിത്രങ്ങള്‍ക്ക് ഇപ്പോഴും വന്‍ വരവേല്‍പാണ് തമിഴ്നാട്ടില്‍ ലഭിക്കുന്നത്.പക്ഷേ ഇത്തവണ ഫാന്‍സിനായി അതിരാവിലെ തീയേറ്ററില്‍ പ്രത്യേക ഷോകളില്ല.ഗുഡ് ബാഡ് അഗ്ലിയുടെ പ്രദര്‍ശനം രാജ്യത്തിലുടനീളം രാവിലെ ഒന്‍പത് മണിയോടെയാണ് ആരംഭിക്കുക. തമിഴ്‌നാട്ടില്‍ രാവിലെ ഒന്‍പത് മണിക്ക് ശേഷം മാത്രമാണ് സിനിമകളുടെ ഷോകള്‍ ആരംഭിക്കുന്നതിന് അനുമതിയുള്ളൂ.

സാധാരണയായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ തമിഴ്‌നാട്ടില്‍ ഒമ്പത് മണിക്കും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിന് മുന്‍പും ആരംഭിക്കുകയുമാണ് പതിവ്. എന്നാല്‍ അജിത്ത് ചിത്രം ശൈലി മാറ്റിപിടിച്ച് റിലീസിനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

തിയേറ്ററിലെ റിലീസിങ്ങ് ഇങ്ങനെയാണെങ്കില്‍ ഒടിടിയും വലിയ റിലീസാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.ആന്റണി വര്‍ഗ്ഗീസിന്റെ ദാവീദ്,ബേസിലിന്റെ പ്രാവിന്‍കൂട് ഷാപ്പ്,പൈങ്കിളി,ബ്രൊമാന്‍സ് എന്നീ ചിത്രങ്ങള്‍ ഒടിടി റിലീസായി പ്രേക്ഷകരിലേക്കെത്തും.ആന്റണി വര്‍ഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത് ചിത്രമാണ്'ദാവീദ്.'സീ5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാര്‍ട്ണര്‍. ഏപ്രില്‍ 11 മുതല്‍ ദാവീദ് സീ5ല്‍ സ്ട്രീമിങ് ആരംഭിക്കും.

സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'പ്രാവിന്‍കൂട് ഷാപ്പ്'.സോണി ലിവിലൂടെയാണ് പ്രാവിന്‍കൂട് ഷാപ്പ് ഒടിടിയിലെത്തുന്നത്. എപ്രില്‍ 11 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും

അനശ്വര രാജന്‍, സജിന്‍ ഗോപു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ചിത്രമാണ് 'പൈങ്കിളി'.മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്.മനോരമ മാക്സില്‍ ഏപ്രില്‍ 11ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

അര്‍ജ്ജുന്‍ അശോകന്‍, മഹിമ നമ്പ്യാര്‍,ശ്യാം മോഹന്‍,സംഗീത്, കലാഭവന്‍ ഷാജോണ്‍,മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത ബ്രോമാന്‍സും വിഷു റിലീസായി ഒടിടിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 11ന് നെറ്റ്ഫ്ളിക്സില്‍ ചിത്രം സ്ട്രീം ചെയ്യും.

Tags:    

Similar News