മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു; ശ്രദ്ധനേടി മോഷൻ പോസ്റ്റർ

Update: 2025-11-07 11:59 GMT

കൊച്ചി: മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമായ 'വൃഷഭ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബർ 25ന് ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. റിലീസ് പ്രഖ്യാപനത്തോടൊപ്പം അണിയറപ്രവർത്തകർ ഗംഭീര മോഷൻ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. കന്നഡ സംവിധായകൻ നന്ദകിഷോർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. കണക്റ്റ് മീഡിയ, ബാലാജി ടെലിഫിലിംസ്, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോ എന്നിവർ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്.

ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീൺ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ നിർമ്മാണത്തിൽ പങ്കാളികളാണ്. ആശീർവാദ് സിനിമാസ് ആണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്. വിമൽ ലഹോട്ടി സഹനിർമ്മാതാവാണ്. മോഹൻലാലിന് 'വൃഷഭ'യിലൂടെ വീണ്ടും 100 കോടി ക്ലബ്ബിൽ ഇടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

ചിത്രത്തിൽ മോഹൻലാൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്നു. പഴയകാല യോദ്ധാവിന്റെയും ആധുനിക കാലത്തെ എക്സിക്യൂട്ടീവിന്റെയും വേഷപ്പകർച്ചകളിലാണ് താരം എത്തുന്നത്. ഒരച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രതികാരം, പ്രണയം, വിധി തുടങ്ങിയ വിഷയങ്ങൾ കോർത്തിണക്കിയുള്ള ശക്തമായ കഥയാണ് 'വൃഷഭ' പറയുന്നതെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ മികച്ച പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളും വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളുമായിരുന്നു ടീസറിന്റെ പ്രധാന ആകർഷണം. സമർജിത് ലങ്കേഷ്, നയൻ സരിക, രാഗിണി ദ്വിവേദി, അജയ്, നേഹ സക്സേന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്ക്, മലയാളം ഭാഷകളിൽ ഒരുക്കുന്ന ചിത്രം ഹിന്ദി, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും. 

Tags:    

Similar News