പ്രേക്ഷകരും ജൂറിയും ഒരുപോലെ കയ്യടിച്ചു; ഫാസില്‍ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമയ്ക്ക് 5 പുരസ്‌കാരങ്ങളുമായി സ്വപ്‌ന തുല്യമായ അംഗീകാരം; സുവര്‍ണ ചകോരം ബ്രസീലിയന്‍ ചിത്രമായ 'മലു'വിന്; മികച്ച നവാഗത സംവിധായകനുള്ള കെ ആര്‍ മോഹനന്‍ പുരസ്‌കാരം 'അപ്പുറം' സാക്ഷാത്കരിച്ച ഇന്ദുലക്ഷ്മിക്ക്

ഫെമിനിച്ചി ഫാത്തിമയ്ക്ക് 5 പുരസ്‌കാരങ്ങളുമായി സ്വപ്‌ന തുല്യമായ അംഗീകാരം

Update: 2024-12-20 14:37 GMT

തിരുവനന്തപുരം: മലയാള ചലച്ചിത്രം ഫെമിനിച്ചി ഫാത്തിമ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുന്ന കാഴ്ചയോടെ 29-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി. സംവിധായകനായ പെഡ്രോ ഫിയേറി സംവിധാനം ചെയ്ത ബ്രസീലിയന്‍ ചിത്രം 'മലു'വിനാണ് സുവര്‍ണ ചകോരം

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംവിധായിക പായല്‍ കപാഡിയക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് സമ്മാനം. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.

മികച്ച നവാഗത സംവിധായികക്കുള്ള കെആര്‍ മോഹനന്‍ പുരസ്‌കാരം ഇന്ദുലക്ഷ്മിക്ക്(ചിത്രം - അപ്പുറം) ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്‌കാരം ഫെമിനിച്ചി ഫാത്തിമ (സംവിധായകന്‍-ഫാസില്‍ മുഹമ്മദ്)ലഭിച്ചു.

ഫര്‍ശദ് ഹാഷ്മിക്കും(മികച്ച സംവിധായകന്‍) ക്രിസ്‌ടോബല്‍ ലിയോണിനും(മികച്ച നവാഗത സംവിധായകന്‍) രജതചകോരവും ലഭിച്ചു. വൈകീട്ട് ആറിനു നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ചു.

68 രാജ്യങ്ങളില്‍നിന്നുള്ള 177 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ചത്.

മികച്ച സംവിധായകന്‍: ഹര്‍ഷാദ് ഷാഷ്മി, മി മറിയം, ദി ചില്‍ഡ്രന്‍ ആന്റ് 26 ഒദേഴ്സ്

മികച്ച നവാഗത സംവിധായകനുള്ള രജതചകോരം: ഹൈപ്പര്‍ ബോറിയന്‍സ്

പോളിങ്ങിലൂടെ തെരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരം: ഫെമിനിച്ചി ഫാത്തിമ (ഫാസില്‍ മുഹമ്മദ്)

പ്രത്യേക പരാമര്‍ശം: അനഘ രവി (ചിത്രം- അപ്പുറം), ചിന്മയ സിദ്ധി (ചിത്രം- റിഥം ഓഫ് ദമാം), ഫാസില്‍ മുഹമ്മദ് (തിരക്കഥ- ഫെമിനിച്ചി ഫാത്തിമ)

ഫിപ്രസി പുരസ്‌കാരം: മി മറിയം, ദി ചില്‍ഡ്രന്‍ ആന്റ് 26 ഒദേഴ്സ്

മികച്ച മലയാള സിനിമക്കുള്ള ഫിപ്രസി പുരസ്‌കാരം: ശിവരഞ്ജിനി ജെ, സിനിമ- വിക്ടോറിയ

ഫിപ്രസി പുരസ്‌കാരം, മികച്ച അന്താരാഷ്ട്ര സിനിമ: ഫെമിനിച്ചി ഫാത്തിമ

മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം: ഫെമിനിച്ചി ഫാത്തിമ, സംവിധായകന്‍ ഫാസില്‍ മുഹമ്മദ്

പ്രത്യേക ജൂറി പരാമര്‍ശം: മിഥുന്‍ മുരളി, കിസ് വാഗണ്‍

മികച്ച നവാഗത സംവിധായകനുള്ള കെ.ആര്‍ മോഹനന്‍ പുരസ്‌കാരം: ഇന്ദു ലക്ഷ്മി (അപ്പുറം)

പ്രത്യേക ജൂറി പരാമര്‍ശം: ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)



ഫാസില്‍ മുഹമ്മദ് എന്ന യുവ സംവിധായകന്റെ ആദ്യ സംവിധാന സംരംഭമാണ് ഫെമിനിച്ചി ഫാത്തിമ. പുതുമുഖങ്ങള്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കളുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ഫാത്തിമയായി ഷംല ഹംസയും ഭര്‍ത്താവായ അഷ്റഫായി കുമാര്‍ സുനിലും വേഷമിടുന്നു. താമര്‍ കെ.വി, സുധീഷ് സ്‌കറിയ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംവിധായകനായ ഫാസില്‍ മുഹമ്മദ് തന്നെയാണ് രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്.

മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമായ സിനിമക്ക് 20 ലക്ഷം രൂപയാണ് സമ്മാനം. രജത ചകോരത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധാന പ്രതിഭക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. കെ.ആര്‍.മോഹനന്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് നേടിയ ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും പ്രേക്ഷക പുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും ലഭിക്കും.  സമാപന ചടങ്ങിനു ശേഷം സുവര്‍ണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയില്‍ പ്രദര്‍ശിപ്പിച്ചു

വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാര്‍ദ് ആണ് അന്താരാഷ്ട്ര മല്‍സര വിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്സണ്‍. ജോര്‍ജിയന്‍ സംവിധായിക നാനാ ജോജാദ്സി, ബൊളീവിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ മാര്‍ക്കോസ് ലോയ്സ, അര്‍മീനിയന്‍ സംവിധായകനും നടനുമായ മിഖായേല്‍ ഡോവ്ലാത്യന്‍, ആസാമീസ് സംവിധായകന്‍ മോഞ്ചുള്‍ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

Tags:    

Similar News