അനന്തപുരി ഒരുങ്ങി; കോടി പുണ്യം തേടി ആറ്റുകാല്‍ അമ്മയ്ക്ക് ഭക്തലക്ഷങ്ങള്‍ ഇന്ന് പൊങ്കാലയര്‍പ്പിക്കും: പൊങ്കാല അടുപ്പ് വെട്ട് ചടങ്ങ് 9.45ന്: മേല്‍ശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലില്‍ നിന്നും പൊങ്കാല അടുപ്പിലേക്ക് തീ പകരും

ആറ്റുകാൽ പൊങ്കാല ഇന്ന്

Update: 2026-03-03 01:21 GMT

തിരുവനന്തപുരം: കോടി പുണ്യം തേടി ഭക്തലക്ഷങ്ങള്‍ ഇന്ന് ആറ്റുകാല്‍ അമ്മയ്ക്കു പൊങ്കാലയര്‍പ്പിക്കും. അമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും ഭക്തര്‍ തിരുവനന്തപുരത്തെത്തി. ക്ഷേത്ര മുറ്റം മുതല്‍ പത്ത് കിലോ മീറ്ററിലേറെ വരുന്ന ദൂരം അടുപ്പുകളാല്‍ നിറഞ്ഞു. നാടും നഗരിയും അമ്മയുടെ നാമമന്ത്രത്തില്‍ ലയിച്ചു. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസമായ ഇന്ന് രാവിലെ 9.15 ന് ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തില്‍ ശുദ്ധപുണ്യാഹത്തോടെയാണു ചടങ്ങുകള്‍ ആരംഭിക്കുക.

9.45ന് പൊങ്കാല അടുപ്പുവെട്ട് ചടങ്ങ് നടക്കും. കണ്ണകീചരിതത്തില്‍ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിഞ്ഞാലുടന്‍ തന്ത്രി പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലില്‍നിന്നു ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്കു പകരും. തുടര്‍ന്ന് ദീപം സഹ മേല്‍ശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും ജ്വലിപ്പിക്കും. ഇതേസമയം, ഭക്തര്‍ തയാറാക്കിയ അടുപ്പുകള്‍ കത്തിക്കാനുള്ള വിളംബരമായി ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും മുഴങ്ങും. പണ്ടാര അടുപ്പില്‍നിന്നു പകരുന്ന ദീപം ഏറ്റുവാങ്ങി ഭക്തര്‍ സ്വന്തം അടുപ്പുകളില്‍ ജ്വലിപ്പിക്കുന്നതോടെ നഗരം യാഗശാലയാകും.

ചന്ദ്രഗ്രഹണ ദിവസത്തെ പൊങ്കാല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് പ്രാദേശിക അവധിയാണ്. 2.15 ന് ഉച്ചപൂജയ്ക്കു ശേഷമാണു പൊങ്കാല നിവേദ്യം. 350 പൂജാരിമാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ചന്ദ്രഗ്രഹണമായതിനാല്‍ ഉച്ചകഴിഞ്ഞ് 3.10 മുതല്‍ രാത്രി 7 വരെ ക്ഷേത്ര ദര്‍ശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍കുത്തും. 10.45 ന് മണക്കാട് ധര്‍മശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. നാളെ രാത്രി 9.45 ന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെയാണ് ഈവര്‍ഷത്തെ പൊങ്കാല ഉത്സവത്തിനു സമാപനമാകുക. ക്ഷേത്ര പരിസരത്തു പൊങ്കാലയര്‍പ്പിക്കുന്നതിന് ഇക്കുറി കൂടുതല്‍ സ്ഥലസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

Tags:    

Similar News